KeralaLatest NewsNews

ചീട്ടുകളി പാടില്ല, ഫ്‌ളക്‌സുകളിലൂടെയുള്ള വ്യക്തിപൂജയും ഇനി ഇല്ല: കെപിസിസിയിൽ ശുദ്ധികലശത്തിനൊരുങ്ങി കെ സുധാകരന്‍

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോണ്‍ സംഭാഷണവും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാകരുതെന്നും പറയുന്നു.

തിരുവനന്തപുരം: കെപിസിസിയിൽ ശുദ്ധികലശത്തിനൊരുങ്ങി നേതാക്കൾ. അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന പാര്‍ട്ടിയെ മാറ്റാന്‍ കെപിസിസി തയ്യറാക്കിയത് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശമാണ്. ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങള്‍ ഒഴിവാക്കും. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും മാറ്റി നിര്‍ത്താനും കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ നിരീക്ഷിക്കും. കോണ്‍ഗ്രസുകാര്‍ തമ്മിലെ തര്‍ക്കവും വഴക്കും തീര്‍ക്കാന്‍ ഓരോ ഘടകവും സമിതികളെ വയ്ക്കാനും ധാരണയായി. കെപിസിസി പുനഃസംഘടനയില്‍ മാത്രമല്ല ഡിസിസി ഭാരവാഹികള്‍ക്കും താഴെ തട്ടിലെ നേതാക്കള്‍ക്കും എല്ലാം ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. സാമൂഹിക വിരുദ്ധര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. വിവാദങ്ങളില്‍ കുടുക്കുന്നവരെ അതിവേഗം പാര്‍ട്ടിക്ക് പുറത്താക്കും. ഇതിന് വേണ്ടി കൂടിയാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം താഴെ തട്ടില്‍ ചര്‍ച്ചയാക്കുന്നത്.

Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ പാര്‍ട്ടി ഓഫിസുകളില്‍ പാടില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോണ്‍ സംഭാഷണവും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാകരുതെന്നും പറയുന്നു. വ്യക്തിപൂജയും ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകില്ല. വ്യക്തിക്കപ്പുറം പാര്‍ട്ടിയാണ് വലുതെന്ന സന്ദേശം അണികളിലേക്ക് നല്‍കാനാണ് തീരുമാനം.

‘ഓരോ ബൂത്തിനും കീഴില്‍ ഒരു കുടുംബ ഡയറി തയാറാക്കണം. ഒരു വീട്ടിലെ ആരെല്ലാം കോണ്‍ഗ്രസിന്റെ ഭാഗമാണ്, മറ്റുള്ള പാര്‍ട്ടികളുടെ ഭാഗമാണ് എന്നതെല്ലാം ഉണ്ടാകണം. താഴെ തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമാണ്. സാധാരണക്കാരേയും കടക്കാരേയും ശത്രുക്കളാക്കുന്ന ഒന്നും ചെയ്യരുത്. ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കോണ്‍ഗ്രസ് മടങ്ങുന്നതിന്റെ സൂചനയാണ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുള്ളത്’- കെ സുധാകരൻ വ്യക്തമാക്കി.

‘ജില്ലാ, സംസ്ഥാന ജാഥകള്‍ക്കു വ്യക്തിപരമായി ആശംസ നേരുന്ന ഫ്‌ളെക്‌സ് പാടില്ല. പകരം ഔദ്യോഗിക കമ്മിറ്റിയുടെ പേരിലാവണം. എല്ലാ പാര്‍ട്ടി പരിപാടികള്‍ക്കും ഗാന്ധിജിയുടെ ചിത്രം നിര്‍ബന്ധമായി ഉപയോഗിക്കണം. ഗാന്ധിസത്തിലേക്ക് തിരികെ പോകാന്‍ വേണ്ടിയാണ് ഇത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സുരക്ഷിതത്വ ബോധം നല്‍കണം. കേസുകള്‍ വന്നാല്‍ അതു നടത്താനുള്ള സംവിധാനം അവര്‍ക്കായി ഏര്‍പ്പെടുത്തണം. വ്യക്തികളുടെ പിരിവുകള്‍ ഒഴിവാക്കണം’- സുധാകരന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button