മുംബയ്: കൊവിഡ് കാലത്തെ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞും ആ സമയം എങ്ങനെ ഉപയോഗിച്ചുവെന്ന് പങ്കുവച്ചും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കോവിഡ് കാലത്ത് പഠിച്ച ചില കാര്യങ്ങൾ കൊണ്ട് തനിക്കു പ്രതിമാസം നാലു ലക്ഷം രൂപ യുട്യൂബില്‍നിന്നു വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി വെളിപ്പെടുത്തി.കോവിഡ് കാലത്തു പോസ്റ്റ് ചെയ്ത ലക്ചര്‍ വിഡിയോകളുടെ റോയൽറ്റിയാണു ലഭിക്കുന്നത്. ബറൂച്ചിൽ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘കോവിഡ് കാലത്തു രണ്ടു കാര്യങ്ങള്‍ ഞാൻ ചെയ്തിരുന്നു. ഒന്ന് വീട്ടിൽ പാചകം ചെയ്യാന്‍ ആരംഭിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ക്ലാസ് എടുത്തതാണു രണ്ടാമത്തേത്. 950 ഓൺലൈൻ ക്ലാസെടുത്തിട്ടുണ്ട്. അതെല്ലാം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തു. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ മാസത്തില്‍ നാലു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്’– ഗഡ്കരി വിശദീകരിച്ചു. തന്റെ ഭാര്യയോട് പറയാതെ ഭാര്യാ പിതാവിന്റെ വീട് പൊളിക്കാൻ ഒരിക്കൽ താൻ ഉത്തരവിട്ടതായും പഴയ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രി ഗഡ്കരി പറഞ്ഞു.
ഭാര്യാ പിതാവിന്റെ വീട് റോഡ് പോകുന്നതിന് നടുവിലായിരുന്നു.ആ വീട് പൊളിക്കാൻ ഞാൻ ഉത്തരവിട്ടു. എനിക്കും അവിടെ ഒരു വീടുണ്ടെന്നും റോഡ് നിർമ്മിക്കുന്നതിന് അതും പൊളിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തു നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും മതിയായ അഭിനന്ദനം ലഭിക്കാറില്ലെന്നു പറഞ്ഞ ഗഡ്കരി, സാമ്പത്തിക വളര്‍ച്ചയ്ക്കു മികച്ച ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. എക്സ്പ്രസ് വേയുടെ ഭാഗമായി 60 വലിയ പാലങ്ങൾ, 17 ഫ്ലൈ ഓവറുകൾ, 8 റോഡ് ഓവർ ബ്രിജുകൾ തുടങ്ങിയവ നിർമിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ഏകദേശം 95,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ, 2023 മാർച്ചോടെ പൂർത്തിയാകുമെന്നും ഭൂരിഭാഗം ജോലികളും ഇതിനകം കരാറുകാർക്ക് അനുവദിച്ചിട്ടുണ്ടെന്നും ഗുരുഗ്രാമിലെ ലോഹ്തകി ഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി അവലോകനം ചെയ്ത ശേഷം ഗഡ്കരി പറഞ്ഞു.ഹരിയാനയിലെ ഹൈവേയുടെ 160 കിലോമീറ്ററോളം വരുന്ന ജോലികൾ 2022 മാർച്ചോടെ പൂർത്തിയാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Post Your Comments