തിരുവനന്തപുരം: ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.
2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.
Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം 2014ൽ കേസിന്റെ വിധി വന്നപ്പോൾ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വർഷം കഠിന തടവും വിധിച്ചു.
Post Your Comments