കൊല്‍ക്കത്ത: ഒടുവിൽ തന്റെ കുഞ്ഞിന്റെ പിതാവാരെന്ന് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന നിലപാടുമാറ്റി തൃണമൂല്‍ കോണ്‍ഗ്രസ് എംപി.യും നടിയുമായ നുസ്രത്ത് ജഹാന്‍. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവരരജിസ്റ്ററില്‍ മകന്‍ ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി. അംഗവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഈശാന്‍ ജെ. ദാസ്ഗുപ്ത ആണെന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് യാഷിന്റെ ശരിക്കുള്ള പേരായ ദേബാശിഷ് ദാസ്ഗുപ്ത എന്നും രേഖപ്പെടുത്തി.
കുഞ്ഞിന്റെ പിതാവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ നുസ്രത്ത് ജഹാന്‍ ഒഴിഞ്ഞു മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ‘അച്ഛന്‍ ആരാണെന്ന് അച്ഛനായവര്‍ക്ക് അറിയാം. രക്ഷകര്‍ത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു.’-ഇതായിരുന്നു നിലപാട് പ്രഖ്യാപനം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ അച്ഛന്‍ യാഷാണെന്ന് പറയുകയാണ് അവര്‍. ഓഗസ്റ്റ് 26-നാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്.
‘മകന്റെ ജനനത്തിനു ശേഷം എല്ലാം മാറി. എന്റെ ഭൂമിശാസ്ത്രം മുതല്‍ ചരിത്രം വരെ എല്ലാം മാറിയിരിക്കുന്നു. അതൊരു മനോഹരമായ വികാരമാണ്. അതു പ്രകടിപ്പിക്കാന്‍ കഴിയില്ല.’ നുസ്രത്ത് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അച്ഛന്റെ പേര് താന്‍ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളര്‍ത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കം രംഗത്തു വന്നിരുന്നു. എന്നാൽ മുന്‍നിലപാടില്‍നിന്ന് നുസ്രത്ത് മാറിയതോടെ തസ്‌ലിമ നസ്റീന്‍ വിമര്‍ശനവുമായി രംഗത്തെത്തി. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി ബിജെപി.യില്‍ ചേര്‍ന്ന യാഷ് ദാസ്ഗുപ്ത ചണ്ഡിതല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നേരത്തേ ശ്വേത സിങ് കല്‍ഹാന്‍സ് എന്ന യുവതിയെ അദ്ദേഹം വിവാഹംചെയ്തിരുന്നു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാസിര്‍ഹട്ടില്‍നിന്ന് തൃണമൂല്‍ ടിക്കറ്റില്‍ എംപി.യായി തിരഞ്ഞെടുക്കപ്പെട്ട നുസ്രത്ത് ജഹാന്‍ അതേവര്‍ഷം നിഖില്‍ ജെയിന്‍ എന്ന വ്യാപാരിയെ വിവാഹംചെയ്തിരുന്നു. തുര്‍ക്കിയില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് പിരിഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരം തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും ലിവിങ് ടുഗദെര്‍ ബന്ധമായിരുന്നു ഇതെന്നും നുസ്രത്ത് പറഞ്ഞു. അതിനുശേഷമാണ് യാഷ് ദാസ്ഗുപ്തയുമായി അടുക്കുന്നത്.
Post Your Comments