തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് ഗോപിയെ ബഹുമാനിക്കണമായിരുന്നുവെന്ന് ഗണേഷ്‌കുമാര്‍. ഏത് പാര്‍ട്ടിയാണ് എന്നതും നടനാണെന്നതും പരിഗണിക്കണ്ട, എന്നാല്‍ സുരേഷ് ഗോപി പാര്‍ലമെന്റ് അംഗമാണ്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണെന്ന് എംഎല്‍എ പറഞ്ഞു. അതേസമയം സുരേഷ് ഗോപിയുടെ വിഷയം വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ മന്ത്രിയാണെങ്കില്‍ പോലും അവരെ ബഹുമാനിക്കണം. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എ.കെ.ആന്റണി, വി.എം.സുധീരന്‍ എന്നിവരെ പോലുള്ളവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. പ്രായത്തിന്റെ പേരിലാണെങ്കിലും ബഹുമാനിക്കണം. ഇവരെ ബഹുമാനിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടു നടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മളെക്കാള്‍ മുതിര്‍ന്ന ഒരു വ്യക്തിയെ ബഹുമാനിക്കുന്നത് ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് തന്റെ നാട്ടിലെ എംപിയാണ്. അദ്ദേഹത്തെ താനും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം വേദിയിലേക്ക് വരുമ്പോള്‍ താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
Post Your Comments