സിറിയ: മോഡേൺ ഡ്രസും ചുണ്ടിൽ ലിപ്സ്റ്റിക്കുമായി പഴയ ജിഹാദി വധു ഷമീമ ബീഗം. ഐഎസ് ഭീകരനായ ഡച്ച് യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു പ്രശ്നത്തിലായ ഷമീമ ബീഗം എന്ന ഇരുപത്തിയൊന്നുകാരി പാശ്ചാത്യ വേഷത്തിൽ പങ്കു വെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 15-ാം വയസ്സിൽ ഐഎസിൽ ചേർന്നു സിറിയയിലേക്കു പോയ ഷമീമയെ പിന്നീടു ലോകം കണ്ടതു പർദ ധരിച്ചായിരുന്നു. എന്നാലിപ്പോൾ ജീൻസും ടീഷർട്ടും ഇട്ടു കൂളിംഗ് ഗ്ലാസ് വച്ചു നിൽക്കുന്ന ഷമീമയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ എടുത്ത ചിത്രമാണിത്. തീവ്രവാദ സംഘടനയുമായുള്ള എല്ലാ കണ്ണികളും വിച്ഛേദിച്ചു എന്നതിലേക്കു ഷമീമ നൽകുന്ന സൂചനയാണ് ഈ ചിത്രമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലേക്കു തിരിച്ചു വരാനുള്ള ശ്രമമാണിതെന്നും പറയപ്പെടുന്നു. സിറിയയിലും മറ്റും ഐഎസിനു തിരിച്ചടി നേരിട്ടതോടെ ജീവിതം കുഴപ്പത്തിലായ ഷമീമ ഇംഗ്ലണ്ടിലേക്കു തിരികെ വരാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. ബ്രിട്ടീഷ് ജയിലിൽ കഴിയാൻ താൻ ഒരുക്കമാണെന്നും അതിനാൽ തിരിച്ചുവരാൻ അനുവദിക്കണമെന്നുമായിരുന്നു ബീഗത്തിന്റെ അഭ്യർത്ഥന. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു.
ഇതുവരെ അതിനായി നടത്തിയ നിയമപോരാട്ടങ്ങളൊന്നും ഫലം കണ്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാശ്ചാത്യവേഷത്തിൽ ഷമീമ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. എന്നാൽ, ഇവർ തിരിച്ചെത്തുന്നതിനെതിരേ ഇംഗ്ലണ്ടിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബീഗത്തെ സിറിയൻ അഭയാർത്ഥി ക്യാംപിൽ കണ്ടെത്തിയതോടെ ഇവരുടെ ബ്രിട്ടീഷ് പൗരത്വം സർക്കാർ റദ്ദാക്കിയിരുന്നു. പ്രസവിച്ച കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ഐഎസ് ക്യാംപിൽ നരക ജീവിതം അനുഭവിക്കേണ്ടിവരുകയും ചെയ്തതോടെയാണ് ബീഗം യുകെയിലേക്കു തിരിച്ചുവരാനുള്ളശ്രമം തുടങ്ങിയത്.
2015ൽ, പതിനഞ്ചാം വയസിലാണ് ഷമീമ ഐഎസിൽ ചേരുന്നതിനായി വീട്ടിൽനിന്ന് ഇറങ്ങിയത്. അന്ന് അവൾക്കൊപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ ഖദീസ സുൽത്താനും അമീറ അമേസും ഇന്നു ജീവിച്ചിരിപ്പില്ല. കിഴക്കൻ ലണ്ടനിലെ ബെത്നൽ ഗ്രീൻ സ്വദേശിയായ ഷമീമ ഐഎസ് ഭീകരനുമായി പ്രണയത്തിലായിരുന്നു. അയാളോടുള്ള പ്രണയവും വിശ്വാസവുമാണ് ഷമീമയുടെ കാഴ്ചയെ മറച്ചതും ഈ ചതിക്കുഴിയിൽ വീഴ്ത്തിയതും. ഇരുവർക്കും രണ്ട് കുട്ടികൾ പിറന്നെങ്കിലും മരിച്ചുപോയി. മൂന്നാം വട്ടം ഗർഭിണിയായിരിക്കുമ്പോഴാണ് ഷമീമ അൽ ഹോൾ അഭയാർഥി ക്യാമ്പിൽ എത്തിപ്പെടുന്നത്. എന്നാൽ, ജനിച്ച് അധികം വൈകാതെ ആ കുഞ്ഞു മരിച്ചതോടെ ഇവർ അനാഥയായി.
Post Your Comments