കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതയുടെ ഗുണ്ടാരാജ് വന്നതോടെ അവശേഷിക്കുന്ന സിപിമ്മുകാരും ബിജെപിയിലേക്ക് ചേക്കേറുന്നു. മുതിർന്ന നേതാക്കൾ അടക്കമാണ് ബിജെപിയിലേക്ക് എത്തുന്നത്. സിപിഎം നേതാവും മുൻ മന്ത്രിയുമായ ബങ്കിം ഘോഷ്, എംഎൽഎമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോൽ), തപസി മണ്ഡൽ (ഹൽദിയ), നേതാക്കളായ ശങ്കർ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവർ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാർട്ടികളിൽ നിന്ന് കാഗൻ മുർമു, സുനിൽ മണ്ഡൽ, ദസ്രത് ടിർകി എന്നീ നേതാക്കളും ബിജെപിയിലെത്തി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 6 സ്ഥാനാർഥികൾ മുൻ സിപിഎമ്മുകാരായിരുന്നു. പശ്ചിമ ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ചേക്കേറിയത് ബിജെപിയിലാണ്. ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടിയുമേന്തി പ്രകടനം നടത്തുകയാണ് സിപിഎം പ്രവർത്തകർ. മൂന്നര ദശാബ്ദം സിപിഎം ഭരിച്ച ചുവപ്പ് കോട്ടയായ ബംഗാളിലെ ഗ്രാമങ്ങളിലെ അവസ്ഥ ഇതാണെന്ന് കഴിഞ്ഞവർഷം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം പ്രവർത്തകർ മാത്രമല്ല മുതിർന്ന നേതാക്കൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ദ ടെലിഗ്രാഫ്, ദ വയർ പോലുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നത്.
തൃണമൂൽ അക്രമം ഭയന്നിട്ടാണ് ഈ നടപടിയെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ‘തൃണമൂലിന്റെ അക്രമവും ഭീഷണിയും താങ്ങാനാവാതെയാണ് ഞാൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ പാർട്ടിക്ക് ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ ആവുന്നില്ല. തല്ലിയാൽ ചോദിക്കാൻ ബിജെപിക്കും ആർഎസ്എസിനും ആളുകൾ ഉണ്ട്’- ഒരു കാലത്ത് സിപിഎം കോട്ടയായ 24 പർഗാനയിലെ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായ ലാൽ ചതുവേദിയെന്ന കർഷകൻ ദ ടെലിഗ്രാഫിനോട് പറഞ്ഞ വാക്കുകൾ ആണിത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സിപിഎമ്മിൽ നിന്ന് നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുന്നത്. മറ്റ് ഇടത് പാർട്ടികളിലെയും നേതാക്കൾ ബിജെപിയിൽ അംഗത്വം എടുക്കുന്നതായാണ് റിപ്പോർട്ട്. മത്സരിച്ച 177 സീറ്റിൽ 158ലും കെട്ടിവച്ച കാശുപോയതിനു പിന്നിൽ ഈ ഒഴുക്കാണ്. 2011 ൽ അധികാരത്തിൽ നിന്ന് പുറത്തായി 10 വർഷത്തിനുള്ളിലാണ് സിപിഎം സമ്പൂർണ പരാജയത്തിലേക്ക് എത്തിയത്.
2016ൽ കോൺഗ്രസ് സഖ്യം പരാജയമായിട്ടും 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ സീറ്റ് ധാരണയാവാത്തതിന്റെ പേരിൽ അത് പൊളിഞ്ഞു. അതോടെയാണ് തൃണമൂലിനെ ഒരു പാഠം പഠിപ്പിക്കുക എന്ന രീതിയിൽ, സിപിഎം പ്രവർത്തകർ ബിജെപിയെ സഹായിക്കാൻ തീരീമാനിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ചിട്ടും ഒരു സീറ്റുപോലും ലഭിക്കാതെ വന്നതോടെയാണ് അവശേഷിക്കുന്ന സിപിഎമ്മുകാരും ബിജെപിയിലേക്ക് ചേക്കേറുന്നത്.
ബൈക്ക് ബ്രിഗേഡ് എന്ന് വിളിക്കുന്ന തൃണമൂൽ ഗുണ്ടാ സംഘങ്ങളുടെ അക്രമവും ഭീഷണിയും താങ്ങാനാവാതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി. ഇത് മുന്നിൽ കണ്ട് ബിജെപിയാവട്ടെ മമതക്കുനേരെയുള്ള വിമർശനവും ശക്തമാക്കുകയാണ്. പാർട്ടി ഓഫീസുകൾ പോലും ബിജെപി ഓഫീസ് ആക്കിയും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തിടത്ത് തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഇറക്കിയുമാണ് ഇവിടെ സിപിഎം ബിജെപിയോട് സഹകരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി റാലികളിൽ അവർ സിപിഎമ്മിനെ വിമർശിച്ചില്ല. ഫലം വന്നപ്പോൾ ബിജെപി 2ൽ നിന്ന് 18 സീറ്റിലേക്ക് കുതിച്ചുയർന്നു. സിപിഎം വട്ടപൂജ്യമായി. അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ സിപിഎം നാമാവശേഷമാകുകയും ചെയ്തു.പരിബർത്തൻ’ (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന ‘ബൈക്ക് ബ്രിഗേഡ്‌സ്’ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു. സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്.
കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. ഇവരെ ഭയന്നാണ് ഇത്തവണ തൃണമൂൽ വോട്ടുകൾ അധികം ചോരാതെയിരുന്നത്. തൃണമൂലിനെതിരെ പ്രവർത്തിച്ചിരുന്നവരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയും അവരുടെ ബിസിനസ് സ്ഥാപനങ്ങൾ തകർത്ത് കൊള്ളയടിക്കുകയും സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
Post Your Comments