റിയാദ്: ദേശീയ ദിനം പ്രമാണിച്ച് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ച് 2021 സെപ്റ്റംബർ 23 പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കും. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആർഎസ്ഡി) വക്താവ് സാദ് അൽ ഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ വർഷവും സെപ്റ്റംബർ 23 നാണ് സൗദി അറേബ്യ ദേശീയ ദിനം ആചരിക്കുന്നത്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24, ആർട്ടിക്കിൾ 127, ആർട്ടിക്കിൾ 128 എന്നിവ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദിയിലെ എല്ലാ സർക്കാർ, സ്വകാര്യ മേഖലകളിലും ദേശീയ ദിന ആഘോഷങ്ങൾ നടത്തും. രാജ്യത്തിന്റെ വിവിധ മേഖലകൾ യോജിപ്പിച്ച് സൗദി അറേബ്യ രൂപീകരിക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കിയാണ് സൗദിയിലെ സ്വദേശികളും വിദേശികളും എല്ലാ വർഷവും ദേശീയ ദിനം ആചരിക്കുന്നത്.
‘ഇത് നമ്മുടെ വീട്’ എന്ന ഷീർഷകത്തിലാണ് 91 -ാം ദേശീയ ദിനം ആഘോഷിക്കുക. അബ്ദുള്ള രാജാവിന്റെ ഭരണകാലത്ത് 2005 മുതലാണ് ആദ്യമായി ദേശീയ ദിനത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും പൊതു അവധി നൽകി തുടങ്ങിയത്.
Post Your Comments