അഞ്ചല്‍: ആരോഗ്യമേഖലയില്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി. അഞ്ചല്‍ ബ്ലോക്ക് ഡിവിഷനിലെ ഏരൂര്‍, അഞ്ചല്‍, അലയമണ്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍ പഞ്ചായത്തുകളിലെ ആരോഗ്യമേഖലയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന് വിഭാവനം ചെയ്യുന്നത്.
28 സബ് സെന്റെറുകളും നാല് പി.എച്ച്.സിയും ഒരു സി.എച്ച്.സിയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അതിനൂതന ആരോഗ്യ സേവന സംവിധാനങ്ങളാണ് ഇവിടെയെല്ലാം നടപ്പാക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യരക്ഷ ഉപകരണങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാകും. സാധാരണ മനുഷ്യന് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന് അധികൃതര്‍ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അഞ്ചല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മേഖലയിലെ അഞ്ച് പഞ്ചായത്ത് പ്രദേശത്തെ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന വിവിധപദ്ധതി വിവരങ്ങളാണ് ഫൗണ്ടേഷന് ചെയര്മാന് ഡോ. റസൂല്‍ പൂക്കുട്ടി, പി.എസ്. സുപാല്‍ എം.എല്‍.എ എന്നിവരടങ്ങിയ സംഘം നല്‍കിയത്. പദ്ധതി സംബന്ധിച്ച വിശദീകരണയോഗങ്ങള്‍ നേരത്തേ ബ്ലോക്ക് തലത്തില്‍ ഏതാനും ദിവസം മുൻപ് ചേര്‍ന്നിരുന്നു. തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്ന എല്ലാ പഞ്ചായത്തുകളിലും ഇപ്പോള്‍ തനതായി യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പി.എസ്. സുപാല്‍ എം.എല്‍.എ, റസൂല്‍ പൂക്കുട്ടി എന്നിവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Post Your Comments