Latest NewsKeralaIndia

കടൽക്കൊലക്കേസ്: വെടിയേറ്റ ബോട്ടിൽ കുട്ടിയും, പിന്നീട് ആത്മഹത്യ ചെയ്തു: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്

കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന കുട്ടിയാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത് എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

തിരുവനന്തപുരം: കടൽക്കൊല കേസിൽ പുതിയ വെളിപ്പെടുത്തൽ. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബോട്ടിൽ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നുവെന്നാണ് പുറത്ത് വന്നത്. പിന്നീട്, നേരിൽക്കണ്ടതിന്റെ ആഘാതത്തിൽ മാനസിക വിഭ്രാന്തി സംഭവിച്ച കുട്ടി 2019 ൽ ആത്മഹത്യ ചെയ്തുവെന്നാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന കുട്ടിയാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത് എന്ന് മാധ്യമ റിപ്പോര്‍ട്ടിൽ പറയുന്നു. കടൽക്കൊല കേസിൽ ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ട് കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്ത് മത്സത്തൊഴിലാളികള്‍ക്ക് തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികര്‍ക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

അതേസമയം, മത്സ്യത്തൊഴിലാളികളുടെ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. നഷ്ടപരിഹാരത്തുക ഇരകൾക്ക് കൈമാറുന്നതിന്റെ ഉത്തരവാദിത്വം കേരള ഹൈകോടതിക്കെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.അന്ന് നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നൽകാൻ ധാരണ ആയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസിന്റെ നടപടികള്‍ അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തിന്റെ വിഹിതം ആവശ്യപ്പെട്ട് മത്സത്തൊഴിലാളികള്‍ കോടതിയെ സമീപിച്ചത്. എട്ട് പേര്‍‍ കന്യാകുമാരി ജില്ലക്കാരായിരുന്നു. ഇതോടെ ബോട്ടിലുണ്ടായിരുന്ന കുട്ടിയുടെ കാര്യങ്ങളും വിശദമായി അന്വേഷിക്കേണ്ടിവരും. വെടിവയ്പ്പ് സമയത്ത് കുട്ടി ബോട്ടിൽ ഉണ്ടായിരുന്നതിന് തെളിവ് ഹാജരാക്കണം. പരാതിയിൽ പറയുന്ന കാര്യങ്ങള്‍ ഹാജരാക്കേണ്ടതുണ്ട്.

2012 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സെന്റ് ആന്‍റണീസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയൻ കപ്പൽ എൻട്രിക്ക ലെക്സിയിലെ നാവികർ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോണിൻ, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു കേസിലെ പ്രതികൾ. സുപ്രീം കോടതിയിൽ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്.

പിന്നീട്, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റും നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ വർഷം മേയ് 21 ന് ട്രൈബ്യൂണൽ വിധി പ്രസ്ഥാവിക്കുകയായിരുന്നു. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയിരുന്നത്. നഷ്ടപരിഹാര തുക ഇറ്റലി കെട്ടിവച്ചതായി കേന്ദ്രസർക്കാർ അറിയിക്കുകയും നഷ്ടപരിഹാരം സ്വീകരിക്കാൻ ഒരുക്കമാണെന്ന് കക്ഷികൾ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചത്.

shortlink

Post Your Comments


Back to top button