കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി ഹൈക്കോടതി. വധൂവരന്‍മാരടക്കം 12 പേര്‍ക്ക് മാത്രം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളപ്പോൾ ക്ഷേത്രത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 നായിരുന്നു രവിപിള്ളയുടെ മകന്‍ ഗണേഷ് രവിപിള്ളയുടെ വിവാഹം.
നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങള്‍ വരുത്തിയാതായി നിരീക്ഷിച്ച കോടതി നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചു. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയോ എന്നും കോടതി ചോദിച്ചു.
കേസില്‍ തൃശ്ശൂര്‍ എസ്.പിയേയും ഗുരുവായൂര്‍ സി.ഐയേയും സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും കക്ഷി ചേര്‍ത്ത ഹൈക്കോടതി ഒരുമാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടേയും വിവരം കൈമാറണമെന്ന് അറിയിച്ചു.
നേരത്തെ, വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപ്പന്തലിലെ ബോര്‍ഡുകളും കട്ടൗട്ടുകളും നേരത്തെ നീക്കം ചെയ്തിരുന്നു.
Post Your Comments