KeralaLatest NewsEntertainment

‘ആ മിമിക്രിക്കാരന്‍ റിസബാവയുടെ അവസരമെല്ലാം കളഞ്ഞു, കണ്ണ് നിറഞ്ഞ് അന്ന് റിസബാവ പറഞ്ഞത് ‘ തുറന്നെഴുതി ആലപ്പി അഷ്‌റഫ്

ഏതവനാ അവൻ ,ഞാൻ ക്ഷോഭത്തോടെ ചോദിച്ചു . റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു.

ആലപ്പുഴ: മലയാള സിനിമയുടെ പ്രിയപ്പെട്ട ജോണ്‍ ഹോനായി, റിസബാവ ഓര്‍മ്മയായതിന്റെ ദുഃഖത്തിലാണ് ചലച്ചിത്ര ലോകവും സിനിമാ പ്രേക്ഷകരും. വൃക്ക സംബന്ധമായ അസുഖത്തിനാല്‍ ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡ് ബാധിതനായിരുന്നു എന്ന് മരണശേഷം കണ്ടെത്തിയിരുന്നു. ചലച്ചിത്രലോകത്ത് മികച്ച വേഷങ്ങള്‍ സമ്മാനിച്ച റിസബാവയെ സുഹൃത്ത് ആലപ്പി അഷ്‌റഫ് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍ക്കുന്നു. സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ തേടി വരുമായിരുന്ന റിസബാവയെ വഴിതെറ്റിച്ചത് ഒരു മിമിക്രിക്കാരന്‍ ആണെന്ന ആരോപണവും ആലപ്പി അഷ്‌റഫിന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ചുവടെ വായിക്കാം:

ബഹുകേമൻമാരായ നായകൻമരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ…
മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും.
ഒരിക്കൽ ആ നടൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു.
റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു.

ഇൻ ഹരിഹർ നഗർ ഹിറ്റായ് കത്തി നിലക്കുന്ന കാലം.
ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി.
വില്ലൻ ഒരു തരംഗമായ് മാറുന്ന അപൂർവ്വ കാഴ്ച.
ഇൻ ഹരിഹർ നഗറിൻ്റെ നിർമ്മാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു.
പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതക്കൾ മുന്നോട്ട് വന്നു.
കഥ വിൽക്കാനുള്ള

Power of attorney സിദ്ധീക്-ലാൽ എൻ്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്.
ഇക്കാരണത്താൽ
കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്.
ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി …
ഒറ്റ നിബന്ധന മാത്രം , ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി.
തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് , ജോൺ ഹോനായ് എന്ന റിസബാവയുടെ
date കൂടിയായിരുന്നു.

തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ്ഫിലിംസിൻ്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതെയാൾ തന്നെ മതി.
കന്നഡക്കാർക്കും വില്ലനായ് റിസബാവയെ തന്നെ വേണം …
അഭിനയ ജീവതത്തിൽ ഒരു നടനെ , തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം.
പക്ഷേ നിർഭാഗ്യവശാൽ റിസബാവാ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല.
ഞാനായിരുന്നു അവർക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്.

ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം … അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.
റിസബാവക്കായ് വിവിധ ഭാഷകളിൽ മാറ്റി വെച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിതിളങ്ങി.
കാലങ്ങൾ കഴിഞ്ഞ് , ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം അതേക്കുറിച്ചാരാഞ്ഞു.
എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ ?.

ഒരു നിമിഷം റിസബാവ മൗനമായിനിന്നു .
അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ …
ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ
ഇൻഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്ന് വെച്ചത്..
നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു് ,
‘എൻ്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്നേഹിതൻ എന്നെ വഴി തെറ്റി ച്ചതാണിക്കാ…’
ഒരു നിമിഷം ഞാനൊന്നു പകച്ചു.
‘നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത് നീയില്ലങ്കിൽ ആ സിനിമ ഒന്നുമല്ല.. ‘

ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും…
‘ഞാനത് വിശ്വസിച്ചു പോയി ഇക്കാ’.
ഏതവനാ അവൻ ,ഞാൻ ക്ഷോഭത്തോടെ ചോദിച്ചു .
റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു.
ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി.
റിസബാവയെ വഴി തെറ്റിച്ച അയാൾ എൻ്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു.
ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു.
ആദരാഞ്ജലികൾ
ആലപ്പി അഷറഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button