കോട്ടയം : കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി കന്യാസ്ത്രീകൾ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ പ്രതിഷേധം നടത്തിയത്.
മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്ക് പലര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകള്‍ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് വൈദികൻ ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞതായി കന്യാസ്ത്രീകള്‍ ആരോപിച്ചു. മുന്‍പും മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്ക്കിടയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരം പ്രസംഗം പള്ളിയില്‍ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലില്‍നിന്ന് കുര്‍ബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികന്‍ സംസാരിച്ചത്.
Post Your Comments