
ന്യൂഡൽഹി: രണ്ടായിരത്തി ഒന്ന് സപ്തംബർ പതിനൊന്നിന് ശേഷം ലോകം മാറിയപ്പോൾ ഇന്ത്യയുടെ വിദേശകാര്യനയത്തിലും ആഭ്യന്തരസുരക്ഷയിലും കണ്ടത് വൻ മാറ്റങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം ശക്തമാകുന്നതിനും ഈ ഭീകരാക്രമണം ഇടയാക്കി. ഇരുപത് കൊല്ലത്തിനിപ്പുറം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം ഇന്ത്യയ്ക്ക് കടുത്ത ആശങ്ക ഉയർത്തുന്നു.
ഇന്ത്യയെ ഞെട്ടിച്ച് കാന്തഹാർ വിമാനറാഞ്ചൽ, ക്രിസ്മസ് തലേന്ന് റാഞ്ചിയ വിമാനത്തിലെ യാത്രക്കാരെ പുതുവർഷ തലേന്ന് മോചിപ്പിച്ചു. ഭീകരത എങ്ങനെ ഇന്ത്യയ്ക്കെതിരായ യുദ്ധമാർഗ്ഗമായെന്ന് തെളിയിച്ച ആ റാഞ്ചൽ കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമാണ് ബിൽ ക്ളിൻറൺ ഇന്ത്യയിൽ എത്തിയത്. 22 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഒരമേരിക്കൻ പ്രസിഡൻറ് നടത്തിയ ആ സന്ദർശനം ഇന്ത്യ അമേരിക്ക ബന്ധത്തിൽ കൂടുതൽ ദൃഢമാക്കി.
Read Also: പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി: വിവരം പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്സികള്
അതുവരെ പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അമേരിക്ക ഭീകരവാദത്തിൻറെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് അംഗീകരിച്ചിരുന്നില്ല. എന്നാൽ ജോർജ് ബുഷ് ഇന്ത്യയ്ക്ക് ആണവസാങ്കേതിക സഹകരണത്തിന് പോലും തയ്യാറായി. രഹസ്യാന്വേഷണ രംഗത്ത് ഇന്ത്യ അമേരിക്ക ബന്ധം ദൃഢമായി. രണ്ടായിരത്തി എട്ടിലെ മുംബൈ ഭീകരാക്രമണവും ആ ബന്ധത്തിൽ വഴിത്തിരിവായി.
ഒസാമ ബിൻ ലാദനെ ഒടുവിൽ അബോട്ടാബാദിൽ കണ്ടെത്തിയത് പാകിസ്ഥാൻ ഭീകരവാദത്തിൻറെ കേന്ദ്രമെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് രാജ്യാന്തരവേദികളിൽ ശക്തി പകർന്നു. ബരാക്ക് ഒബാമ രണ്ടു തവണ ഇന്ത്യയി എത്തിയതും ഹൗഡി മോദിയും നമസ്തെ ട്രംപുമെല്ലാം രണ്ടായിരത്തി ഒന്നിനു ശേഷമുള്ള മാറിയ ലോകക്രമത്തിൻറെ ഫലങ്ങൾ കൂടിയാണ്. രണ്ടു പതിറ്റാണ്ടിനിപ്പുറം അഫ്ഗാനിസ്ഥാൻ വീണ്ടും പാകിസ്ഥാൻറെ സ്വാധീന വലയത്തിലാകുന്നു. കശ്മീരിനെ മോചിപ്പിക്കണം എന്ന പ്രസ്താവനയുമായി അൽക്വയ്ദ രംഗത്തു വരുന്നു. ഇന്ത്യയെ കാത്തിരിക്കുന്നതും വെല്ലുവിളിയുടെ നാളുകൾ.
Post Your Comments