Latest NewsKeralaIndia

പ്രസ്താവന കേരളത്തെ അപമാനിക്കുന്നത്: പാലാ ബിഷപ്പിനെതിരെ ഡിവൈഎഫ്‌ഐ

കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്നും അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്.

പരാമര്‍ശം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആകരുതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി. അതേസമയം ബിഷപ്പിന്റെ പ്രസ്താവന പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ നേരത്തെ രംഗത്തുവന്നിരുന്നു.

സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാര്‍ക്കോടിക് ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാമുദങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നും മത സൗഹാര്‍ദ്ദം ഇത് ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

അതേസമയം ബിഷപ്പ് ഉന്നയിച്ചതൊരു സാമൂഹിക ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രതികരിച്ചത്. ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി എടുത്തത്. കൂടാതെ യുവമോര്‍ച്ചയും ബിഷപ്പിനെ പിന്തുണച്ചു. കേരളത്തിലെ ചില സംഘടനകളുടെ തീവ്രവാദ മനോഭാവത്തെ ചോദ്യം ചെയ്താൽ എങ്ങനെ അത് അപമാനമാകുമെന്നു ബിജെപി ചോദിച്ചു. കൂടാതെ ഇതിന്മേൽ അന്വേഷണം ആവശ്യമാണെന്നും ബിജെപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button