കൊച്ചി: ആരുടെയും വിരട്ടലും ഭീഷണിയും ക്രൈസ്തവരോട് വേണ്ടെന്നും സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ പുറംശക്തികള്‍ ഇടപെടേണ്ടതില്ലെന്നും താക്കീതുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ക്രൈസ്തവ സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ സഭാസമൂഹത്തിനായി സഭയുടെ വേദികളില്‍ പല നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കും. അതു പുതുമയുള്ള കാര്യമല്ല.
ഇതിനെ പൊതുവേദിയിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. ക്രൈസ്തവരെ മര്യാദ പഠിപ്പിക്കുവാന്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കുടപിടിക്കുന്നവരായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അധഃപതിക്കുന്നത് ദുഃഖകരമാണ്. ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് ക്രൈസ്തവരല്ല. മറിച്ച് വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. യുഎന്‍ ഉം കേന്ദ്രസര്‍ക്കാരും കണക്കുകള്‍ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുമ്പോള്‍ ഇതിനെ വെള്ളപൂശാന്‍ ചിലര്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടണം. വരാന്‍പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിന് മുന്നറിയിപ്പു നല്‍കിയ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിശ്വാസിസമൂഹം ഏറ്റെടുക്കുമെന്നും ഭീകരപ്രസ്ഥാനങ്ങള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ പൊതുസമൂഹം അണിനിരക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചു ബിജെപി മാത്രമാണ് പരസ്യ പ്രസ്താവന നടത്തിയത്. പാലാ യൂത്ത് കോൺഗ്രസും ബിഷപ്പിനെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വം ഇതിനെ തള്ളിപ്പറയുകയും ചെയ്‌തു. ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് എസ്ഡിപിഐ ഉൾപ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെ മാർച്ച് ഉണ്ടായിരുന്നു. ബിഷപ്പിനെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ഈ മാർച്ച്.
Post Your Comments