സമൂഹത്തെ ഭിന്നിപ്പിക്കുന്നതൊന്നും അംഗീകരിക്കില്ല: നര്‍കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ തളളി യൂത്ത് കോണ്‍ഗ്രസ്

ബിഷപ്പിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച്‌ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നിലപാടിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. ഏത് വിഷയത്തിലും നിലപാട് അറിയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും സംഘടനയോട് ആലോചിക്കാതെ ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.

കേരളത്തില്‍ ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചത്. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.

Read Also: വിനായക ചതുര്‍ത്ഥി ആഘോഷ നിരോധനം: ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ ബിജെപി

ബിഷപ്പിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച്‌ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പിതാവ് ഉന്നയിച്ചത് സാമൂഹിക ആശങ്കയാണെന്നും അദ്ദേഹത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. വിഷയം വിവാദമായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അറിയിപ്പ്.

Share
Leave a Comment