കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി വിവാദ സിലബസ്സില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ രാഷ്ട്രീയ ചിന്തകരായി ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അവരുടെ വികല ചിന്തകളുടെ ക്രിട്ടിക്കാണ് സിലബസില്‍ വരേണ്ടതെന്നും ബല്‍റാം പറഞ്ഞു. ഗോള്‍വര്‍ക്കറുടെ ‘വിചാരധാര’യൊക്കെ പാഠപുസ്തകമായിത്തന്നെ ഉള്‍പ്പെടുത്തുന്ന രീതിയിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
Read Also : നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാംപയിനുമായി ബിജെപി പ്രവര്‍ത്തകര്‍
കുറിപ്പിന്റെ പൂർണരൂപം :
വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ രാഷ്ട്രീയ ചിന്തകരായി ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വികല ചിന്തകളുടെ ക്രിട്ടിക്കാണ് സിലബസിൽ വരേണ്ടത്. വിവിധ രാഷ്ട്രീയ ചിന്തകൾക്ക് ഒരേ വെയ്റ്റേജ് നൽകി പാഠപുസ്തകങ്ങളായി ഉൾപ്പെടുത്തുകയും വിദ്യാർത്ഥികൾ വിമർശനാത്മക പഠനത്തിലുടെ അവയിലെ നെല്ലും പതിരും വേർതിരിക്കട്ടെ എന്നാവശ്യപ്പെടുകയും ചെയ്യുന്നത് പ്രായോഗികമായി അസംബന്ധമാണ്. കേട്ടിടത്തോളം ഗോൾവർക്കറുടെ ‘വിചാരധാര’യൊക്കെ പാഠപുസ്തകമായിത്തന്നെ ഉൾപ്പെടുത്തുന്ന രീതിയിലാണ് കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ്. പാഠപുസ്തകങ്ങളായി മാറുമ്പോൾ അത്തരം കൃതികൾക്കും അവയുടെ രചയിതാക്കൾക്കും ലഭിക്കുന്ന ഒരു ആധികാരികതയും സ്വീകാര്യതയുമുണ്ട്. അതൊരു പ്രശ്നം തന്നെയാണ്.
ഫാഷിസത്തേക്കുറിച്ച് പഠിപ്പിക്കാൻ ഏതെങ്കിലും സർവ്വകലാശാലകളിൽ മെയ്ൻ കാംഫ് ഒരു പാഠപുസ്തമായി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിവില്ല. ഉണ്ടെങ്കിൽത്തന്നെ അത് അത്രത്തോളം അക്കാദമികമായി ഉയർന്നു നിൽക്കുന്ന, സംവാദമുഖരിതമായ, ഏതെങ്കിലും പ്രബുദ്ധമായ അന്തരീക്ഷത്തിലായിരിക്കും. അതിലെ ഓരോ വരിയിലും വാക്കിലും തളം കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ ചോരയുടെ മണം കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന വിവേകമതികളായ വിദ്യാർത്ഥികൾക്ക് മുന്നിലല്ലെങ്കിൽ മെയ്ൻ കാംഫ് ഒരു മോട്ടിവേഷണൽ ഗ്രന്ഥമായി മാറാനുള്ള സാധ്യതയാണ് കൂടുതൽ.
Read Also : ആശ്വാസം നൽകുന്ന സാഹചര്യം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
ഇതേ അപകടമാണ് ഗോൾവർക്കർ ഗ്രന്ഥങ്ങളും സവർക്കർ ഗ്രന്ഥങ്ങളും നമ്മുടെ ശരാശരി വിദ്യാർത്ഥിക്ക് മുന്നിൽ ഉയർത്തുന്നത്. അത് തിരിച്ചറിയാൻ സർവ്വകലാശാലക്കും അവിടത്തെ വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കും കഴിയേണ്ടതായിരുന്നു.
Post Your Comments