ന്യൂഡല്‍ഹി: താലിബാന്‍ നേതാക്കള്‍ കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് സാധനങ്ങള്‍ നശിപ്പിച്ചു. എംബസിയിലുണ്ടായിരുന്ന പുസ്തക ശേഖരങ്ങള്‍ നശിപ്പിക്കുകയും വൈന്‍ ബോട്ടിലുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ അഫ്ഗാന്‍ ജനതയുടെ വികാരമായ ഷാ മസൂദിന്റെ ശവകുടീരം തല്ലിത്തകര്‍ത്തു. ‘പഞ്ച്ശീര്‍ സിംഹം’ എന്ന് അറിയപ്പെടുന്ന അഫ്ഗാന്‍ വിമോചന കമാന്‍ഡറായിരുന്നു അഹമ്മദ് ഷാ മസൂദ്. അദ്ദേഹത്തിന്റെ 20-ാം ചരമ വാര്‍ഷിക ദിനത്തിലാണ് താലിബാന്‍ അദ്ദേഹത്തിന്റെ ശവകുടീരം തല്ലിത്തകര്‍ത്തത്.
ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.എംബസികള്‍ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണു താലിബാന്‍ ആദ്യം പറഞ്ഞിരുന്നത്.അഫ്ഗാന്‍ വിമോചന കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധമാണ് അഫ്ഗാനിസ്ഥാനില്‍ ഉയരുന്നത്. 1989ല്‍ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പോരാളികളില്‍ പ്രധാനിയായിരുന്നു അഹമ്മദ് ഷാ മസൂദ്. 1990കളില്‍ താലിബാനെതിരെയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന 1996-2001 കാലയളവില്‍ വടക്കന്‍ മേഖലയിലേക്കു മാത്രമായി അദ്ദേഹത്തിന്റെ പ്രതിരോധ സേന ചുരുങ്ങി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന 2001 സെപ്റ്റംബര്‍ 11നു 2 ദിവസങ്ങള്‍ക്കു മുന്‍പ് അഭിമുഖത്തിനെന്ന വ്യാജേന അറബ് മാധ്യമപ്രവര്‍ത്തകരായി വേഷം മാറിയെത്തിയ അല്‍ ഖായിദ ഭീകരര്‍ ചാവേര്‍ ബോംബ് ആക്രമണത്തിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
9/11 ആക്രമണത്തിനു ശേഷം യുഎസ് സേനയും മസൂദിന്റെ പ്രതിരോധസേനയും ചേര്‍ന്നു നടത്തിയ പ്രത്യാക്രമണത്തില്‍ അല്‍ ഖായിദ ചിന്നഭിന്നമാകുകയും താലിബാന്‍ അധികാരത്തില്‍നിന്നു താഴെയിറങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യുഎസ് സേനയുമായി ചേര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മസൂദിന്റെ സൈന്യം. നിലവില്‍, അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലാഹും ചേര്‍ന്നാണ് താലിബാനെതിരെ പഞ്ച്ശീറില്‍ പ്രതിരോധം തീര്‍ക്കുന്നത്.
അതേസമയം താലിബാന്‍ കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്തതായി ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്വാല്‍ഡ് ഹേഗ് ട്വിറ്ററിലൂടെ അറിയിച്ചു. ‘കാബൂളിലെ നോര്‍വീജിയന്‍ എംബസി താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നു. ഇതു പിന്നീടു ഞങ്ങള്‍ക്കു തിരികെ നല്‍കുമെന്നാണു പറയുന്നത്. എന്നാല്‍ വൈന്‍ കുപ്പികളും കുട്ടികളുടെ പുസ്തകങ്ങളും നശിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.’ അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments