ThiruvananthapuramKeralaLatest NewsNews

പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാൻ ഫോണ്‍കെണി: അറസ്റ്റിലായ യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ

തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. യുവതി സൗഹൃദം നടിച്ച് കെണിയില്‍ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കൊല്ലം റൂറലിലെ എസ്.ഐ ആണ് പരാതിക്കാരന്‍. ഫോണ്‍കെണി നടന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Also Read: മുട്ടിൽ മരംമുറി: കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ, പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുണ്ട്. കേരളാ പൊലീസിനാകെ നാണക്കേട് ഉണ്ടാക്കും വിധമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. കുറച്ചു പൊലീസ് ഉദ്യോ​ഗസ്ഥരെയും അവരുടെ ബന്ധുക്കളെയുമൊക്കെ ഏറെ കാലമായി തിരുവനന്തപുരത്ത് താമസിക്കുന്ന, അഞ്ചൽ സ്വദേശിയായ ഒരു സ്ത്രീ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ഈ യുവതി ഇതേ എസ്.ഐക്ക് എതിരേ മ്യൂസിയം പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. അതിനുശേഷം പരാതി പിന്‍വലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്.ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍കെണിയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാല്‍ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നല്‍കിയിട്ടില്ല. പോലീസ് ആസ്ഥാനത്തടക്കം ഈ പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button