തിരുവനന്തപുരം: ഒക്ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി വ്യക്തമാക്കി.
അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ അവർക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ‘കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെടണമെന്നും’ മന്ത്രി അറിയിച്ചിരുന്നു.
Post Your Comments