
ന്യൂഡൽഹി: ഡൽഹിയിൽ നിർഭയ കേസിന് സമാനമായ രീതിയിൽ വനിതാ സിവില് ഡിഫൻസ് ഓഫീസർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും കേരളത്തിൽ പ്രതിഷേധം ഉയരുന്നില്ലെന്നും മാധ്യമങ്ങൾ അത് വാർത്തയാക്കുന്നില്ല എന്നുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പരാതി ഉയർന്നത്. റാബിയ സൈഫി എന്ന 21 കാരിയെ നാല് പേര് ചേർന്നു ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം നടത്തുന്ന പ്രചാരണം. എന്നാൽ, സംഭവത്തിന്റെ വസ്തുതകൾ ദേശീയ മാധ്യമങ്ങൾ തുറന്നെഴുതിയിട്ടുണ്ട്.
അതിൻപ്രകാരം കാര്യങ്ങൾ ഇങ്ങനെയാണ്. അമ്പതോളം കുത്ത് റാബിയയുടെ ശരീരത്തിലുണ്ട്. മാറിടം മുറിച്ചു മാറ്റുകയും സ്വകാര്യ ഭാഗങ്ങളിൽ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആന്തരാവയവ പരിശോധനയിലും റേപ്പ് നടന്നിട്ടില്ലെന്നു പോലീസ് ആവർത്തിക്കുന്നു. പക്ഷെ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുന്നത് ബലാത്സംഗത്തിന് തുല്യമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. യഥാർത്ഥത്തിൽ റാബിയ ഡൽഹി പോലീസിന്റെ വിഭാഗത്തിൽ അല്ല ജോലി ചെയ്യുന്നത്. ഡൽഹി പോലീസും റാബിയയുമായി ഒരു ബന്ധവുമില്ല.
ഡൽഹി പോലീസ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ അരവിന്ദ് കേജ്രിവാൾ നയിക്കുന്ന ഡൽഹി സർക്കാരിന് പോലീസിൽ നിയന്ത്രണമില്ല. എന്നാൽ സ്ത്രീ സുരക്ഷ,കോവിഡ് പ്രതിരോധം എന്നിവ മുൻ നിർത്തി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ രൂപീകരിച്ച സിവിൽ ഡിഫൻസ് സർവീസിലെ വോളണ്ടിയർ ആയിരുന്നു റാബിയ. അതേസമയം റാബിയയുടെ മൃതദേഹം കണ്ടെത്തിയത് ഹരിയാന ബോർഡറിലും ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലും പോലീസിന്റെ റിപ്പോർട്ടിലും റാബിയ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ അവരുടെ ശരീരം വികൃതമാക്കിയിട്ടുണ്ട് താനും.
സംശയരോഗത്തിനു അടിമയായ റാബിയയുടെ ഭർത്താവ് നിസാമുദ്ദീനാണ് ക്രൂരകൃത്യം ചെയ്തത് എന്നും ഇയാളെ അറസ്റ്റ് ചെയ്തു എന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാൽ റാബിയയുടെ ബന്ധുക്കൾ പറയുന്നത് റാബിയ വിവാഹിതയല്ല എന്നാണ്. പക്ഷെ റാബിയയും നിസാമുദ്ദീനും 2021 ജൂൺ 11 ന് സാകേതിൽ വിവാഹം രെജിസ്റ്റർ ചെയ്തു. വീട്ടുകാർ അറിയാതെ വിവാഹം നടത്തിയ ശേഷം വീട്ടിൽ നിന്നാണ് എല്ലാ ദിവസവും റാബിയ ജോലിക്ക് വന്നിരുന്നത്. ഇടയ്ക്കിടെ ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ വിവാഹം നടന്ന വിവരം വീട്ടുകാരിൽ നിന്ന് ഇരുവരും മറച്ചു വച്ചു.
മറ്റു പുരുഷന്മാരോട് അടുത്ത് ഇടപഴകിയതിനെ നിസാമുദ്ദീൻ പല തവണ ചോദ്യം ചെയ്യുകയും താക്കീത് നൽകുകയും ചെയ്തു. അനുസരിക്കാതെ വന്നപ്പോൾ ജോലി കഴിഞ്ഞു കൂട്ടി കൊണ്ടുപോയി കൊലപാതകം നടത്തി. മൃതദേഹം സൂരജ് കുണ്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഭീം ആർമി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരികയും പ്രതി കീഴടങ്ങുകയും ചെയ്തതോടെ ആ പ്രതിഷേധവും ആറി തണുത്തു.
എന്നാൽ പതിവുപോലെ ഇതിൽ ദുരൂഹത ആരോപിച്ചു മറ്റു ചിലർ രംഗത്തെത്തിയിരിക്കുകയാണ്. നിസാമുദ്ദീൻ അല്ല യഥാർത്ഥ പ്രതിയെന്നാണ് ഇവർ പറയുന്നത്. അതേസമയം മീഡിയ വൺ റാബിയയുടെ വീട്ടിൽ പോയി ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കെജ്രിവാൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഡൽഹി മുഖ്യൻ 10 ദിവസത്തെ വിപാസന യോഗയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം കേരളത്തിൽ നിന്ന് മുസ്ലിം ലീഗ് ദേശീയ നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. കൊലപാതകത്തിനു പിന്നില് വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സി. ബി.ഐ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ‘ഇങ്ങനെയൊരാളെക്കുറിച്ച് അവള് തങ്ങളോട് പറഞ്ഞിട്ടേയില്ല.’ എന്ന് പിതാവ് പറയുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർത്താനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
Post Your Comments