ബെംഗളൂരു: കർണാടകയിലെ നിർണായകമായ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടം. ബെലഗാവി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞു. ഹൂബ്ലി-ധർവാദ് കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനും കൽബുർഗിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ബിജെപിക്ക് സാധിച്ചു. അടുത്തിടെ ഭരണതലത്തിലുണ്ടായ മാറ്റം ബിജെപിക്ക് തിരിച്ചടിയാണെന്ന പ്രചാരണത്തിനിടെയാണ് പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയത്.
സെപ്റ്റംബർ മൂന്നിനായിരുന്നു കർണാടകയിലെ കൽബുർഗി, ഹൂബ്ലി-ധർവാദ്, ബെലഗാവി നഗര കോർപ്പറേഷനുകളിൽ തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് തിങ്കളാഴ്ച ഫലം പുറത്തുവന്നു. ബെലഗാവിയിൽ 35 സീറ്റുകളിലും ഹൂബ്ലി-ധർവാദിൽ 39 ഇടത്തും കലബുർഗിയിൽ 23 സീറ്റുകളിലും ബിജെപി വിജയിച്ചു. അതേസമയം ബിജെപി നടത്തിയ മുന്നേറ്റത്തെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ അഭിനന്ദിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബിജെപി പ്രവർത്തകരും സ്ഥാനാർത്ഥികളും നടത്തിയ പ്രകടനം അഭിനന്ദനാർഹമാണെന്ന് നദ്ദ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികളാണ് ഇതിന് കാരണമെന്നും അദ്ദേഹത്തിന് നന്ദി സമർപ്പിക്കുകയാണെന്നും നദ്ദ ട്വിറ്ററിൽ കുറിച്ചു.അവസാന തിരഞ്ഞെടുപ്പ് ഫലത്തേക്കാൾ മികച്ച വിജയം നേടാൻ ബിജെപിയെ നയിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കും സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ നളിൻ ഖാട്ടീലിനും പ്രവർത്തകർക്കും അഭിന്ദന്ദനങ്ങൾ അറിയിക്കുകയാണെന്നും നദ്ദ പറഞ്ഞു.
Post Your Comments