ദില്ലി: രാജ്യതലസ്ഥാനത്തെ സിവിൽ ഡിഫൻസ് വളണ്ടിയറുടെ കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും ശരീരഭാഗങ്ങൾ അടർത്തി മാറ്റിയ നിലിയിലായിരുന്നു മൃതദേഹമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ ഉണ്ടായി. കൊല്ലപ്പെട്ട യുവതി ദില്ലി സ്വദേശിനിയാണ്. ജോലിക്ക് പോയ മകൾ മടങ്ങിയെത്താതിരുന്നതോടെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ മകളുടെ മൃതദേഹം കണ്ടെത്തി എന്ന വിവരമാണ് അടുത്ത ദിവസം ഇവരെ തേടിയെത്തിയത്.
Also Read: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
കൊലപ്പെടുത്തിയത് യുവതിയുടെ ഭർത്താവായ നിസാമുദ്ദീൻ ആണെന്ന് പൊലീസ് അറിയിച്ചെങ്കിലും മകൾ വിവാഹിതയാണെന്ന കാര്യം അറിയില്ല എന്നായിരുന്നു അച്ഛനമ്മമാരുടെ മറുപടി. അതേസമയം ഓഗസ്റ്റ് 26ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന മുഹമ്മദ് നിസാമുദ്ദീൻ എന്നയാൾ തൻറെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റു പറഞ്ഞു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ദില്ലി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ 27ാം തീയ്യതി ഫരീദാബാദിലെ സൂരജ് ഖുണ്ഡിൽ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവിൽ ഡിഫൻസ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ദില്ലി സാകേത് കോടതിയിൽ വച്ച് ജൂൺ 11-ാം തീയതിയാണ് ഇരുവരും രഹസ്യമായി വിവാഹതിരായത്. രഹസ്യവിവാഹമായതിനാലാണ് നിസാമുദ്ദീനെ യുവതിയുടെ കുടുംബത്തിന് അറിയാതെ പോയതെന്നും പൊലീസ് പറയുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് നിസാമുദ്ദീൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഫരീദാബാദ് പൊലീസ് നിസാമുദ്ദീൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോൾ തീഹാർ ജയിലിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ.
എന്നാൽ പൊലീസിൻറെ കണ്ടെത്തലുകൾ അംഗീകരിക്കാൻ യുവതിയുടെ കുടുംബം തയ്യാറല്ല. യുവതിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്നും ഇത് ഒരാൾ ഒറ്റയ്ക്ക് ചെയ്തതല്ല എന്നും കുടുംബം പറഞ്ഞു. യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് തെളിവുകളില്ല എന്ന് ഫരീദാബാദ് ഡിസിപി വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സുതാര്യത വരുത്താൻ വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Post Your Comments