തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായത്. ഹൈറിസ്ക് വിഭാഗത്തിലുള്ള 54 പേരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു.
Also Read: ഇനി നമ്പര്‍ പ്ലേറ്റ് അലങ്കരിച്ചാൽ മുട്ടൻ പണി കിട്ടും
രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്.
മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂർ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം. പുലർച്ചെ അഞ്ചു പേരുടെ സാമ്പിൾ പരിശോധന നടത്തിയിട്ടുണ്ട്.
ഫലം ഇന്ന് തന്നെ പുറത്ത് വരും. കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദർശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാൻ മരങ്ങൾ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയിൽ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഉണ്ടെന്നും, റെംഡിസീവർ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാൽ എൻഐവി സംഘം നാളെ കോഴിക്കോടെത്തുമെന്നും വീണാ ജോർജ് അറിയിച്ചു.
Post Your Comments