തൃശൂര്‍: ബെംഗളൂരുവില്‍ പഠിക്കാന്‍ പോയ മലയാളി വിദ്യാര്‍ത്ഥിനിയെ തമിഴ്നാട്ടിലെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് മാതാപിതാക്കളുടെ ആരോപണം. തൃശൂര്‍ വലപ്പാട് സ്വദേശിനി 22 കാരിയ ശ്രുതിയാണ് ഈറോഡില്‍ ആണ്‍ സുഹൃത്തിനൊപ്പം വിഷം കഴിച്ച് മരിച്ചത്. ഓഗസ്റ്റ് 20 ന് നാട്ടിലേയ്ക്ക് വരാനിരിക്കെയായിരുന്നു ശ്രുതിയുടെ മരണം. മറ്റുയാത്രകള്‍ ഉണ്ടെന്ന് ശ്രുതി മാതാപിതാക്കളായ കാര്‍ത്തികേയന്‍-കൈരളി ദമ്പതിമാരോട് സൂചിപ്പിച്ചിരുന്നില്ല. ബെംഗളൂരുവിലെ സ്വകാര്യ ഹോസ്റ്റലില്‍ ശ്രുതിക്കൊപ്പം താമസിച്ചവര്‍ക്കും ഇതേകുറിച്ച് ഒരുവിവരവുമില്ല.
ശ്രുതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ഈറോഡ് സൗത്ത് പൊലീസ് പറയുന്നത്. പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന യുവാവിനെയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. മകളുടെ കൈയിലുണ്ടായിരുന്ന ബാഗോ, മൊബൈലോ പൊലീസ് കണ്ടെത്താത്തിലും ദുരൂഹതയുണ്ട്. ആകെ കൈമാറിയത് ആധാര്‍ കാര്‍ഡ് മാത്രമാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ ശ്രുതിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. ഇതിനെ കുറിച്ച് മൗനം പാലിച്ച ഈറോഡ് പൊലീസ് പിന്നീട് ഇത് അന്വേഷിച്ച തൃശൂര്‍ റൂറല്‍ എസ്പിയോട് അത് ശ്രുതി ഓട്ടോയില്‍ നിന്ന് ചാടിയപ്പോള്‍ സംഭവിച്ചതാണെന്ന് പറയുന്നു.
കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും, തൃശൂര്‍ റൂറല്‍ എസ്പിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്കും കുടുംബം സംശയിക്കുന്നു. ശ്രുതിയുടെ സുഹൃത്തുക്കളുടെ ദുരൂഹ പെരുമാറ്റമാണ് ഇതിന് കാരണം. ബെംഗളൂരുവില്‍ പഠിക്കുന്ന കുട്ടി ഈറോഡില്‍ എത്തിയത് എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ബികോം കഴിഞ്ഞ് കൊച്ചിയില്‍ ജോലി നോക്കവേയാണ് ശ്രുതി കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നത്. നാട്ടില്‍ വന്ന ശേഷം ജൂലൈ 13 ന് ബംഗളൂരുവിലേക്ക് മടങ്ങിയ ശ്രുതിയുടെ ജീവനറ്റ ശരീരമാണ് മാതാപിതാക്കള്‍ കാണുന്നത്.
Post Your Comments