ന്യൂഡല്‍ഹി: ദിഷാ ബലാത്സംഗ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടർന്ന് സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരടക്കം 38 ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദില്‍ രാത്രി സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായി വഴിയിലായി പോയ മൃഗഡോക്ടര്‍ കൂടിയായ യുവതിയെ സഹായിക്കാമെന്ന വ്യജേന അടുത്തുകൂടിയ നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് കേസ്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ ശരീരം ഒഴിഞ്ഞ സ്ഥലത്തിട്ട് കത്തിക്കുകയും ചെയ്തു.
നിരവധി പ്രമുഖര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്. ഇന്ത്യയിലെ നിയമം അനുസരിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ യാതൊരു വിവരവും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ല.
ഗൗരവ് ഗുലാട്ടിയെന്ന ഒരു വക്കീലാണ് ഇത് സംബന്ധിച്ച് ഡല്‍ഹിയിലെ സബ്സി മണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലെ തന്നെ തീസ് ഹസാരി കോടതിയില്‍ ഇയാള്‍ ഇതു സംബന്ധിച്ച ഒരു പെറ്റീഷനും ഫയല്‍ ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയും കൂടാതെ അനുപം ഖേര്‍, ഫര്‍ഹാന്‍ അക്തര്‍, അജയ് ദേവ്ഗണ്‍, മഹാരാജ രവി തേജ, രാകുല്‍ പ്രീത് സിംഗ്, അല്ലു സിരീഷ്, ചാര്‍മ്മി കൗര്‍ എന്നിവര്‍ക്കെതിരെയും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments