തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം ആറിന് നടക്കും. 18 വയസ് മുതൽ 44 വയസുവരെയുള്ളവർ അംഗങ്ങളായ 26 യുവജന സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. വിവിധ മേഖലകളിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾ സേവന മേഖലകളിലാണ് പ്രവർത്തിക്കുന്നത്. സിനിമാ നിർമ്മാണത്തിന് സഹായിക്കുന്ന സഹകരണ സംഘങ്ങൾ മുതൽ മാലിന്യ സംസ്‌കരണം നടത്തുന്ന സംരംഭങ്ങൾ വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: അഫ്ഗാനിൽ എട്ട് മാസം ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു
ചലച്ചിത്ര മേഖലയിൽ അടക്കമുള്ള യുവ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സഹകരണ സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത് കൊല്ലം പുനലൂരിലാണ്. പരിസ്ഥിതിക്ക് കോട്ടം വരുന്ന അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗ സാദ്ധ്യതയുള്ള വസ്തുക്കളാക്കി പുനർനിർമ്മിച്ച് വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സഹകരണ സംഘവും പുനലൂരിലുണ്ട്. തിരുവനന്തപുരം നെല്ലിമൂട്ടിൽ യുവാക്കൾ തുടങ്ങിയത് തെങ്ങ് കൃഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത വസ്തുക്കളുടെ വിൽപ്പനയാണ് ഇവരുടെ ലക്ഷ്യം. അവശ്യ സാധനങ്ങൾ ഓൺ ലൈൻ രജിസ്ട്രേഷൻ, മൊബൈൽ ആപ്പ് എന്നിവ വഴി ആവശ്യപ്പെടുന്നവർക്ക് എത്തിക്കാൻ രണ്ട് സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജീവൻ രക്ഷാമരുന്നുകളുടെ വിതരണത്തിന്, ഇതര സംസ്ഥാനങ്ങളിൽ നിന്നും പലവ്യജ്ഞനങ്ങളും അരിയുമെത്തിച്ച് വിതരണം നടത്തുന്നതിന്, ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്, മലയോരത്ത് ഹോം സ്റ്റേ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്, ജൈവ കൃഷി നടത്തുന്നതിന്, ജൈവ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം നടത്തുന്നതിന് തുടങ്ങി വൈവിദ്ധ്യമാർന്ന മേഖലകളിലാണ് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുവ സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടർ കൂടിയായ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും മേയർ ആര്യാ രാജേന്ദ്രനും ചടങ്ങിൽ പങ്കെടുക്കും. മറ്റ് സഹകരണ സംഘങ്ങളിലും ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Read Also: മയക്കു മരുന്ന് കടത്താൻ ശ്രമിച്ചു: എട്ടു പേരെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്
Post Your Comments