ഇന്‍ഡോര്‍: തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി അജ്ഞാത സംഘം. വായില്‍ ആസിഡ് ഒഴിച്ചാണ് കൊന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാലക്ഷ്മി നഗറിലാണ് സംഭവം. ക്രൂരതയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന ആവശ്യവുമായി മൃഗസംരക്ഷകരടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സെപ്തംബര്‍ രണ്ടിനാണ് ഈ സംഭവമുണ്ടായത്.
സംഭവത്തില്‍ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ് മൃഗസംരക്ഷകര്‍. അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നായ്ക്കളെ മൃഗസംരക്ഷകരെത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. ചത്ത നായകളെ ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ മറവ് ചെയ്തു. അടുത്തിടെ ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരം 300ല്‍ അധികം തെരുവു നായ്ക്കളെ വിഷം കൊടുത്ത് കൊന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
Post Your Comments