KeralaLatest NewsNews

മദ്യഷാപ്പുകള്‍ വന്നാല്‍ ഗുണം കെ.എസ്.ആർ.ടി.സിക്ക്, മദ്യപിക്കുന്നവരെല്ലാം തലകുത്തി കിടക്കുകയല്ല: ഗണേഷ് കുമാർ

കെഎസ്ആര്‍ടിസി ഓടാന്‍ പോലും നിവൃത്തിയില്ലാതെ കിടക്കുകയാണ്

കൊല്ലം : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകള്‍ തുറക്കുമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മൊബൈല്‍ ഫോണ്‍ ടവറിനെതിരെ സമരം ചെയ്യുന്നത് പോലെയുള്ള പിന്തിരിപ്പന്‍ സമീപനമാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ഓടാന്‍ പോലും നിവൃത്തിയില്ലാതെ കിടക്കുകയാണ് . ടിക്കറ്റ് വരുമാനമല്ലാതെ മറ്റൊരു വരുമാനം കണ്ടെത്താന്‍ മാനേജിങ് ഡയറക്ടര്‍ ശ്രമിക്കുമ്പോള്‍ അതിനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

‘കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡിനകത്താണ് ബിവേറജസ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. വിമാനത്തവളത്തിലെല്ലാം മദ്യ ഷാപ്പുകളുണ്ട്. കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ മദ്യ ഷാപ്പുകള്‍ വന്നാല്‍ അതിന്റെ വാടക കെഎസ്ആര്‍ടിസിക്ക് കിട്ടും. സ്വകാര്യ വ്യക്തികള്‍ക്ക് കിട്ടുന്നതില്‍ ആര്‍ക്കും പ്രശ്‌നവുമില്ല. എന്തിനേയും എതിര്‍ക്കുന്ന ചില ആളുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. അതുകൊണ്ട് അവിടെയുള്ള ആളുകളെല്ലാം കള്ളും കുടിച്ച് തലകുത്തി കിടക്കുകയല്ല. മാന്യമായിട്ട് പോകുന്നുണ്ട്. അവരാരും മദ്യപിച്ച് വാഹനമോടിക്കുന്നില്ല. സത്രീകളെ ഉപദ്രവിക്കുന്നില്ല. അധിക്ഷേപിക്കുകയോ കമന്റടിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയന്‍മാര്‍ക്ക് ഒരു അസുഖം വരുന്നതല്ലാതെ അത്‌ സാധനത്തിന്റെ കുഴപ്പമല്ല’- ഗണേഷ് കുമാര്‍ പറഞ്ഞു.

Read Also  :  കൊവിഡ് വാക്‌സിനുകളില്‍ വ്യാജനും ഉണ്ടെന്ന് റിപ്പോര്‍ട്ട്, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

പണ്ട് മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്കെതിരെ സമരം ചെയ്തവര്‍ ഇപ്പോള്‍ പറയുന്നത് തന്റെ കുട്ടികള്‍ക്ക് പഠിക്കാന്‍ നെറ്റ് കിട്ടുന്നില്ല എന്നാണ്. നാട്ടിലെ മാറ്റങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്തിരപ്പന്‍ സമീപനമൊന്നും ശരിയല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button