കൊച്ചി: രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിനുകള്‍ക്ക് ഇടയിലുള്ള 84 ദിവസത്തെ ഇടവേള ഇളവ് ചെയ്ത് ഹെെക്കോടതി. താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു. വാക്സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കൊവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധരുടെ തീരുമാന പ്രകാരമാണെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നത്. ആദ്യ ഡോസ് വാക്സീനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തേ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്സീന്‍ ക്ഷാമം കൊണ്ടല്ല, ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കായിക താരങ്ങള്‍ എന്നിവര്‍ക്കാണ് ഇപ്പോൾ ഇളവ് അനുവദിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments