ന്യൂഡല്‍ഹി: കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ നീക്കം. യുവാവിന്റെ പദ്ധതി തന്ത്രപൂര്‍വ്വം തകര്‍ത്ത് പൊലീസ്. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെയാണ് ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ഭര്‍ത്താവ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി സ്വദേശിയായ 36കാരന്‍ കമല്‍ സെഹാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകിയെ കല്യാണം കഴിക്കാനാണ് യുവാവ് കൊല നടത്താന്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തോക്ക് വാങ്ങി വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടര്‍ന്നാണ് ഭാര്യയെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്ന് കഴിഞ്ഞമാസമാണ് തോക്കും തിരയും വാങ്ങിയത്. 50,000രൂപയാണ് ഇതിനായി ചെലവഴിച്ചത്. തോക്കുമായി യുവാവ് ഡല്‍ഹിയിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തന്ത്രപൂര്‍വ്വം യുവാവിനെ കുടുക്കിയത്. 2006ലാണ് കമല്‍ വിവാഹം ചെയ്തത്. ഇതിന് മുമ്പ് മറ്റു രണ്ടു കേസുകളില്‍ കമലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments