Latest NewsIndiaInternational

അല്‍ക്വയ്‌ദയുടെ കശ്‌മീര്‍ പ്രസ്‌താവനയ്‌ക്കു പിന്നില്‍ ഐ.എസ്‌.ഐ: താലിബാന് താല്പര്യമില്ല

പ്രസ്‌താവനയില്‍നിന്നു റഷ്യയിലെ ചെച്‌നിയയെയും ചൈനയിലെ സിങ്‌ജിയാങ്ങിനെയും ഒഴിവാക്കിയത്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ആദ്യം അമ്പരപ്പിച്ചു.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന അല്‍ ക്വയ്‌ദയുടെ ജിഹാദ്‌ ആഹ്വാനത്തില്‍ കശ്‌മീരിനെ പരാമര്‍ശിച്ചത്‌ പാക്‌ ചാരസംഘടന ഐ.എസ്‌.ഐയുടെ ഇടപെടലില്‍. അഫ്‌ഗാനിലെ അമേരിക്കന്‍ പിന്‍മാറ്റത്തിനു പിന്നാലെയാണ്‌, ലോകമെമ്പാടുമുള്ള ഇസ്ലാമിക പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള ആഗോള ജിഹാദിന്‌ അല്‍ ക്വയ്‌ദ ആഹ്വാനം ചെയ്‌തത്‌. പ്രസ്‌താവനയില്‍നിന്നു റഷ്യയിലെ ചെച്‌നിയയെയും ചൈനയിലെ സിങ്‌ജിയാങ്ങിനെയും ഒഴിവാക്കിയത്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ആദ്യം അമ്പരപ്പിച്ചു.

അതേസമയം, അഫ്‌ഗാനില്‍ അധികാരം പിടിച്ച താലിബാനാകട്ടെ അന്നും ഇന്നും കശ്‌മീര്‍ വിഷയത്തില്‍ വലിയ താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണു പാക്‌ ചാര സംഘടനയുടെ വിഷയത്തിലെ ഇടപെടല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ സ്‌ഥിരീകരിക്കുന്നത്‌.കശ്‌മീര്‍ മുമ്പൊരിക്കലും താലിബാന്റെ അജന്‍ഡയിലുണ്ടായിരുന്നില്ല. തന്നെയുമല്ല ഇപ്പോഴും അവർ പറയുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് കശ്മീർ എന്നാണ്. അല്‍ ക്വയ്‌ദയുടെ പുതിയ വെളിപാടിനു പിന്നില്‍ ഐ.ഐസ്‌.ഐ. സ്വാധീനം പ്രകടമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അല്‍ ക്വയ്‌ദ തലവന്‍മാരായിരുന്ന ഒസാമ ബിന്‍ ലാദനെയും അയ്‌മാന്‍ അല്‍ സവാഹ്‌രിയെയും പാക്‌ മണ്ണില്‍ സംരക്ഷിച്ച പാരമ്പര്യം ഐ.എസ്‌.ഐയ്‌ക്കുണ്ട്‌. അതേസമയം ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ്‌ തുടങ്ങിയ പാക്‌ ഭീകരസംഘടനകള്‍ അല്‍ ക്വയ്‌ദയുടെ ആഹ്വാനം ഏറ്റെടുത്ത്‌ രാജ്യത്ത്‌ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്കു മുതിരുമെന്ന ആശങ്കയും സജീവമാണ്‌.

ജെയ്‌ഷെ മുഹമ്മദ്‌ തലവനും കൊടുംഭീകരനുമായ മൗലാനാ മസൂദ്‌ അസ്‌ഹര്‍ അഫ്‌ഗാനിലെ കോസ്‌തില്‍ ഭീകര ക്യാമ്പ് നടത്തിയിരുന്നു. കശ്‌മീരിലേക്ക്‌ ഭീകരരെ കയറ്റി വിടുന്നതിനുള്ള കേന്ദ്രമായാണ്‌ ഇതു പ്രവര്‍ത്തിച്ചിരുന്നതെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സിറിയ, സൊമാലിയ, യെമന്‍, കശ്‌മീര്‍ ഉള്‍പ്പടെ ലോകത്തെ എല്ലാ ഇസ്ലാമിക പ്രദേശങ്ങളും ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍നിന്നു മോചിപ്പിക്കാനാണ്‌ അല്‍ ക്വയ്‌ദയുടെ ആഹ്വാനം.

അല്‍ ക്വയ്‌ദയടക്കം ഒട്ടനവധി ഭീകരസംഘടനകളുടെ അനുഭാവികളില്‍ ബഹുഭൂരിപക്ഷവും കുടുംബസമേതം ഇറാനിലാണുള്ളത്‌.
അഫ്‌ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തിയയോടെ ഇവര്‍ പലരും അവിടേയ്‌ക്കു മടങ്ങിത്തുടങ്ങി. ഇതും സുരക്ഷാ ഏജൻസികൾ ആശങ്കയോടെയാണ് കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button