ന്യൂഡൽഹി : 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). അംഗീകൃത പ്രോട്ടോക്കോൾ അനുസരിച്ച് മെയ്ഡ് ഇൻ ഇന്ത്യ വാക്സിന്റെ ഘട്ടം 2, 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്ത് 10 ഇടങ്ങളിലായിട്ടായിരിക്കും ട്രയൽ നടത്തുക. കോവിഡ് -19 വിദഗ്ദ്ധ സമിതിയുടെ (എസ്ഇസി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നൽകിയത്.
നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കോവിഡ് -19 വാക്സിൻ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവർക്കുള്ള ആദ്യ വാക്സിൻ ആണ്. അതേസമയം 2 മുതൽ 18 വയസ്സുവരെയുള്ളവർക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
ബയോളജിക്കൽ ഇ യുടെ കോവിഡ് പ്രതിരോധ വാക്സിൻ കോർബെവാക്സ് നിലവിൽ മുതിർന്നവരിൽ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബറോടെ ബയോളജിക്കൽ ഇ 30 കോടി ഡോസ് കോർബെവാക്സ് കേന്ദ്ര സർക്കാരിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോർബെവാക്സ് നിർമ്മാതാക്കളുമായി മന്ത്രാലയം 30 കോടി വാക്സിൻ ഡോസുകൾ റിസർവ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.
Post Your Comments