മലപ്പുറം: ‘അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ’ എന്ന മാധ്യമം ദിനപത്രത്തിലെ ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് കെ.ടി ജലീൽ എം.എൽ.എ. മതരാഷ്ട്ര സ്ഥാപനം ലോകത്തൊരിടത്തും ഈ ജനായത്ത നൂറ്റാണ്ടിൽ പ്രായോഗികമല്ല. മനുഷ്യനെ ബഹുമാനിക്കാത്ത, മനുഷ്യജീവന് പുല്ലുവില കൽപ്പിക്കാത്ത സർവ്വ സംഹിതകളും ചവിട്ടിയരക്കപ്പെടേണ്ടതാണെന്ന് ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
വെടിയുണ്ടകൾ കൊണ്ട് പ്രാകൃത ഗോത്രവർഗ്ഗ സംസ്കാരം നടപ്പാക്കുന്ന താലിബാനിസത്തെ മനുഷ്യർ അറപ്പോടും വെറുപ്പോടും കൂടിയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തോക്കുകൾ കൊണ്ട് മാത്രം ജനങ്ങളോട് സംസാരിക്കുന്ന താലിബാനികളും
പശുവിൻ്റെ പേരിൽ പാവം മനുഷ്യരെ അടിച്ചടിച്ച് കൊല്ലുന്ന ഫാഷിസ്റ്റുകളും ഒരേ തൂവൽപക്ഷികളാണെന്ന് അദ്ദേഹം വിമർശിക്കുന്നു.
കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
“സ്വതന്ത്ര ജനാധിപത്യ അഫ്ഗാൻ” എന്ന് എഴുതാതിരുന്നതിന് ‘മാധ്യമ’ത്തിലെ “ദാവൂദിയൻസി”നോട് നമുക്ക് നന്ദി പറയാം. മതരാഷ്ട്ര സ്ഥാപനം ലോകത്തൊരിടത്തും ഈ ജനായത്ത നൂറ്റാണ്ടിൽ പ്രായോഗികമല്ല. മനുഷ്യനെ ബഹുമാനിക്കാത്ത, മനുഷ്യജീവന് പുല്ലുവില കൽപ്പിക്കാത്ത സർവ്വ സംഹിതകളും ചവിട്ടിയരക്കപ്പെടേണ്ടതാണ്. യുദ്ധത്തിൽ ഒരു കുട്ടി വധിക്കപ്പെട്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞ മുഹമ്മദ് നബിയെയാണ് ലോകത്തിനിഷ്ടം.
വെടിയുണ്ടകൾ കൊണ്ട് പ്രാകൃത ഗോത്രവർഗ്ഗ സംസ്കാരം നടപ്പാക്കുന്ന താലിബാനിസത്തെ മനുഷ്യർ അറപ്പോടും വെറുപ്പോടും കൂടിയാണ് കാണുന്നത്. നജീബുള്ളയുടെ മൃതദേഹം കാബൂളിലെ തെരുവോരത്തെ ഒരു വിളക്കുകാലിൽ കെട്ടിത്തൂക്കിയത് കണ്ട് ആഹ്ളാദ നൃത്തമാടിയത് ഇതേ ‘സ്വതന്ത്ര അഫ്ഗാൻ’ വാദികളായിരുന്നു. തോക്കുകൾ കൊണ്ട് മാത്രം ജനങ്ങളോട് സംസാരിക്കുന്ന താലിബാനികളും പശുവിൻ്റെ പേരിൽ പാവം മനുഷ്യരെ അടിച്ചടിച്ച് കൊല്ലുന്ന ഫാഷിസ്റ്റുകളും ഒരേ തൂവൽപക്ഷികളാണ്. ഇരുകൂട്ടരും അവരുടെ വിമർശകരുടെ വായടക്കാനും നശിപ്പിക്കാനും ഒരു മെയ്യായി നിൽക്കും. അതാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിലും തൃപ്പൂണിത്തുറയിലും കുണ്ടറയിലും കണ്ടത്. ഈനാം പേച്ചിക്കെന്നും മരപ്പട്ടിയായിരുന്നല്ലോ കൂട്ട്. മുസ്ലിം താലിബാനിസവും ഹിന്ദു ഫാഷിസവും ഒരേ ലക്ഷ്യത്തിലേക്ക് ഒരു വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. അവർ സയാമീസ് ഇരട്ടകളാണ്. രണ്ടും പിഴുതെറിയപ്പെടേണ്ട വിഷവൃക്ഷങ്ങൾ.
Post Your Comments