കൊച്ചി: കേരളത്തില്‍ എല്‍ടിടിഇയും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളും പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ എല്‍ടിടിഇയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ കേരളത്തില്‍ നടക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ സ്വദേശി സുരേഷ് രാജിനെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ എല്‍ടിടിഇയുടെ സ്ലീപ്പിങ് സെല്ലുകള്‍ സജീവമാണെന്ന വിവരം എന്‍ഐഎക്ക് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തുന്നത് ഈ സംഘമാണ്. ഈ സംഘത്തിനു ചുക്കാന്‍ പിടിക്കുന്നത് എല്‍ടിടിഇ നേതാക്കളാണ്. കഴിഞ്ഞ ഏപ്രിലില്‍ വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിന് പിന്നാലെയാണ് കേരളത്തിലെ മുന്‍ എല്‍ടിടിഇ സംഘത്തിലേക്ക് അന്വേഷണമെത്തിയത്. ഈ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു.
നെടുമ്ബാശേരിയില്‍ നിന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത സുരേഷ് രാജും സഹോദരന്‍ രമേഷും ഒരു വര്‍ഷം മുമ്പാണ് കുടുംബവുമായി കേരളത്തിലെത്തിയത്. തുണിവ്യാപാരമാണെന്നും വിമാനത്താവളത്തില്‍ കയറ്റുമതി ജോലിയാണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
നെടുമ്പാശേരി അത്താണിയിലെ വീട്ടില്‍ 25,000 രൂപ വാടക നല്കി താമസിക്കുകയായിരുന്നു ഇവര്‍. തമിഴ്നാട്ടുകാരാണെന്ന് വ്യാജ രേഖയുണ്ടാക്കിയായിരുന്നു താമസം. ഇവര്‍ക്ക് ഐഎസ് ഭീകര സംഘടനയുമായും ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍ടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്.
Post Your Comments