താലിബാന്റെ അധിനിവേശതയിലാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ. ഓഗസ്ത് 15 ന് കാബൂൾ കീഴടക്കിയ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തു. ഇന്നലെ യു.എസ് സേന കൂടി പൂർണമായും ഒഴിവായതോടെ അഫ്ഗാൻ താലിബാന്റെ കൈപ്പിടിയിലായി. കാബൂൾ കീഴടക്കിയത് മുതൽ ഭീകരർ തങ്ങളുടെ ശക്തി തെളിയിച്ച് തുടങ്ങിയിരുന്നു. കലാകാരന്മാരും എഴുത്തുകാരുമായിരുന്നു അവരുടെ എന്നത്തേയും മുഖ്യശത്രു. അഫ്ഗാനിസ്ഥാനിലെ ബഗ്ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ വെടിവച്ചു കൊന്നു. അതിനും മുൻപ് കൊമേഡിയനായ നാസിർ മുഹമ്മദിനെ കാണ്ഡഹാറിൽ കൊന്നു. ഈയവസരത്തിൽ ഒരു ഇന്ത്യൻ നോവലിസ്റ്റും ഓർമിക്കപ്പെടുന്നു. മറ്റാരുമല്ല, സുസ്മിത ബാനർജി ആണ് ആ ധീരവനിത.
സ്ത്രീകളോട് സംസാരിക്കുമ്പോൾ ദയ എന്ന വികാരം തീരെ ഇല്ലാത്തവരാണ് താലിബാൻ. 1987 ൽ, സൈനിക ഏറ്റുമുട്ടലുകൾ നടന്നപ്പോൾ, അഫ്ഗാനിസ്ഥാനിലെ റവല്യൂഷണറി അസോസിയേഷൻ (RAWA) സ്ഥാപകയായ മീന കേശ്വർ കമൽ കൊല്ലപ്പെട്ടു. സ്ത്രീകൾക്ക് വേണ്ടി എന്നും സ്വരമുയർത്തിയിരുന്ന അവരുടെ പിൻഗാമികളായ ഇന്നും നിരവധി പേരുണ്ട്. അതിലൊരാളായിരുന്നു സുസ്മിതയെന്ന ഇന്ത്യൻ വംശജ. സുസ്മിത ബാനർജിയുടെ കേസ് സങ്കീർണ്ണമായിരുന്നു. ഇന്ത്യക്കാരിയും എഴുത്തുകാരിയുമായ സുസ്മിതയുടെ ‘അഫ്ഗാൻ ജീവിതം’ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു.
2013ൽ ഭീകരർ അഫ്ഗാനിലെ വീട്ടിലെത്തി കൊലപ്പെടുത്തിയ സുസ്മിത ബാനർജി, പ്രശസ്തയായത് അവരുടെ ‘ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ’ എന്ന നോവൽ വഴിയാണ്. കൊൽക്കത്തയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും വീട്ടമ്മയുടെയും മകളായാണു സുഷ്മിതയുടെ ജനനം. 4 മക്കളിൽ ഒരേയൊരു പെൺതരി സുസ്മിത ആയിരുന്നു. കലകളിൽ ഏറെ കമ്പമുണ്ടായിരുന്ന സുസ്മിത ഒരു നാടക റിഹേഴ്സലിനിടെയാണ് അഫ്ഗാനിൽ നിന്നു കൊൽക്കത്തയിലെത്തി ചെറുകിട ബിസിനസ് നടത്തുന്ന ജാൻബാസ് ഖാനുമായി പരിചയത്തിലാകുന്നതും പരിചയം പ്രണയമായതും.
1988ൽ സുസ്മിതയും ജാൻബാസും വിവാഹിതരായി. അതിനു ശേഷം സുസ്മിത ജാൻബാസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്കു പോയി. പക്തിക പ്രവിശ്യയിലായിരുന്നു ജാനബാസിന്റെ കുടുംബം. ഭർത്താവിന് മറ്റൊരു ഭാര്യ കൂടെയുണ്ടെന്ന് സുസ്മിത വളരെ വൈകിയാണ് അറിഞ്ഞത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയായിരുന്നു പക്തിക. അഫ്ഗാനിൽ പിടിമുറുക്കിയ താലിബാൻ ഈ പ്രാവശ്യവും കീഴടക്കി. ജാൻബാസ് ബിസിനസ് നടത്തുന്നതിനായി വീണ്ടും കൊൽക്കത്തയിൽ എത്തിയ സമയമായിരുന്നു അത്. പക്ഷെ, ഭർത്താവിനൊപ്പം സ്വന്തം നാട്ടിലേക്ക് തിരിക്കാൻ സുസ്മിതയ്ക്ക് സാധിച്ചില്ല.
നഴ്സിങ് ഡിഗ്രിയുള്ള സുസ്മിത വനിതകൾക്കായി അഫ്ഗാനിൽ ഒരു ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ വരുന്ന സ്ത്രീകളോട് താലിബാൻ പ്രതിനിധികൾ മോശമായി സംസാരിച്ചു. ഇതിൽ പ്രകോപിതയായ സുസ്മിത താലിബാനെതിരെ ശബ്ദമുയർത്തി. ഇതോടെ, സുസ്മിത താലിബാന്റെ നോട്ടപ്പുള്ളിയായി മാറി. താലിബാൻ ഭീകരർ സുസ്മിതയെ അവസരം കിട്ടിയപ്പോൾ ഉപദ്രവിച്ചു. രക്ഷപെടാൻ ഇസ്ലാമബാദിലേക്കുള്ള സുസ്മിതയുടെ യാത്ര വിജയം കണ്ടില്ല. ഭർത്താവിന്റെ ബന്ധുക്കൾ അവരെ വീട്ടിലെ ഒരുമുറിയിലാക്കി. സുസ്മിതയ്ക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. പക്ഷെ, വീണ്ടും രക്ഷപെടാൻ ശ്രമിച്ചതോടെ ഇവർക്ക് വധശിക്ഷ വിധിക്കുകയും 1995 ജൂലൈ 22ന് അവരെ കൊല്ലാൻ താലിബാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷെ, അത് നടന്നില്ല.
അഫ്ഗാനിലെ തന്നെ ഒരു ഗ്രാമത്തലവന്റെ സഹായത്തോടെ 1995 ഓഗസ്റ്റ് 12ന് സുസ്മിത ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. കൊൽക്കത്തയിൽ ഭർത്താവിനൊപ്പം ഇവർ സുഖമായി ജീവിച്ചു. ഈ കാലയളവിലായിരുന്നു ‘ഒരു കാബൂളിവാലയുടെ ബംഗാളി ഭാര്യ’ എന്ന നോവൽ സുസ്മിത എഴുതിയത്. കൂടാതെ മറ്റ് നോവലുകളും യുവതിയെഴുതി. ഇവയിലെല്ലാം താലിബാന്റെ ക്രൂരതകളും തന്റെ അഫ്ഗാൻ ജീവിതവുമായിരുന്നു ഉണ്ടായിരുന്നത്. 2013ൽ അഫ്ഗാനിസ്ഥാനിലെ പക്തികയിലേക്കു തിരികെപ്പോകാൻ സുസ്മിതയും ഭർത്താവും തീരുമാനിച്ചു. സുസ്മിതയുടെ കുടുംബം സമ്മതിച്ചിരുന്നില്ല, പക്ഷെ സുസ്മിത തിരികെ അഫ്ഗാനിലേക്ക് പോയി. താലിബാന് ഇപ്പോൾ വേണ്ടത്ര സ്വാധീനം മേഖലയിൽ ഇല്ലെന്നായിരുന്നു ഇവർ കരുതിയിരുന്നത്. അന്നായിരുന്നു സുസ്മിതയുടെ മാതാപിതാക്കൾ അവളെ അവസാനമായി കണ്ടിരുന്നത്. ആ യാത്ര മരണത്തിലേക്കായിരുന്നു.
Also Read:താറാവ് മുട്ട കഴിച്ചാൽ ഗുണങ്ങൾ ചെറുതൊന്നുമല്ല
തിരിച്ചു പക്തികയിലെത്തിയ അവർ വീണ്ടും ആരോഗ്യ പ്രവർത്തനം തുടങ്ങുകയും അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഒരു ദിവസം ഇവരുടെ കുടുംബത്തേക്ക് അതിക്രമിച്ച് കയറിയ ഭീകരർ ഭർത്താവിനെ കെട്ടിയിട്ട് കണ്മുന്നിൽ വെച്ച് സുസ്മിതയെ വെടിവച്ചു കൊന്നു. ഇരുപത് ബുള്ളറ്റുകളായിരുന്നു സുസ്മിതയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. സുസ്മിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം പക്ഷെ താലിബാൻ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
Post Your Comments