കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളില്‍ ഇന്നു വീണ്ടും സ്ഫോടനം. സ്‌ഫോടനത്തില്‍ നാലുപേർ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോടോര്‍ ഷെലോ റോകെറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ് സൂചന. അതേസമയം ഐഎസ്‌കെ തീവ്രവാദികളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമണമാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സ് റിപോര്‍ട്ട് ചെയ്തു.
യുഎസ് ആക്രമണമാണ് നടന്നതെന്ന് താലിബാന്‍ വക്താവും അറിയിച്ചു. യുഎസിന്റെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ് ഖൊറസാനെയുടെ ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചത്.
വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സംഭവം. വ്യാഴാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ അടുത്ത 24 മുതല്‍ 36 വരെ മണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈനിക കമാന്‍ഡര്‍മാര്‍ റിപോര്‍ട് നല്‍കിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 13 യുഎസ് സൈനികരും 28 താലിബാന്‍കാരും ഉള്‍പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന്‍ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 18 യുഎസ് സൈനികരുമുണ്ട്.
Post Your Comments