കാബുള്‍: അഫ്ഗാന് വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നതായി റിപോർട്ട്. താലിബാന് നേതാക്കള്‍ക്കിടയിലുള്ള ആശയകുഴപ്പവും അധികാര വടം വലിയും രാജ്യത്തെ വീണ്ടും രക്തരൂക്ഷിതമാക്കുമെന്നും സൂചന. ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഹോളി മാകെയാണ് തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കാബുളിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഹോളി മാകെയുടെ ലേഖനം.
നിലവിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. താലിബാന് കൂടുതല്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഭാഗങ്ങള്‍ സ്വന്തം യോഗങ്ങള്‍ നടത്തുന്നു. താലിബാനികള്‍ക്കിടയില്‍ ഐക്യമില്ലെന്ന് വ്യക്തമാണ്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് ഞങ്ങള്‍- കാബൂളിലെ മുന്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഹോളി മാകെ ഇക്കാര്യം വ്യക്തമാക്കുന്നത്.
അഫ്ഗാനെ വളരെ വേഗത്തില്‍ പിടിച്ചടക്കിയപ്പോള്‍ മുതല്‍ തന്നെ താലിബാനികള്‍ക്കിടയില്‍ ആശയകുഴപ്പം നിലനിന്നിരുന്നതായി ലേഖനത്തിലുണ്ട്.
ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നത് സംബന്ധിച്ച് വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ വിവിധ ആശയങ്ങളാണുള്ളത്. കൂടാതെ ദാഇഷില്‍ നിന്നുമുള്ള ഭീഷണിയും നേതൃത്വങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതായി മാകെ പറയുന്നു. അധികാരത്തെ ചൊല്ലി വലിയ തര്‍ക്കങ്ങളാണുള്ളത്. വിവിധ വംശങ്ങളും ഗോത്രങ്ങളും അധികാരം ആഗ്രഹിക്കുന്നു. ഇതില്‍ തന്നെ ഹെല് മാണ്ടിസ് എന്ന ഗോത്രമാണ് അധികാരത്തിനായി കൂടുതല്‍ വാദം ഉന്നയിക്കുന്നത്.
യുഎസ് അധിനിവേശക്കാലത്ത് ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് തങ്ങള്‍ക്കാണെന്ന് ഇവര്‍ വാദിക്കുന്നതായും ഹോളി മാകെ പറയുന്നു. അതേസമയം കാബുളിന്റെ സുരക്ഷ ചുമതല നിര്‍വഹിക്കുന്ന ഹഖാനി ഗോത്രവിഭാഗമാണ് കൂടുതല്‍ പ്രബലരായിട്ടുള്ളത്. രാഷ്ട്രീയമായും സൈനീകപരമായും ഇവരാണ് കൂടുതല്‍ ശക്തരെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.
2012ല്‍ വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ച ഹഖാനി ഗ്രൂപ്പിനാണ് അഫ്ഗാനിസ്ഥാന്റെ സുരക്ഷ ചുമതല. പാകിസ്താനിയായ ഖലീല്‍ ഹഖാനിയാണ് അഫ്ഗാന്റെ സുരക്ഷ മേധാവി. ഖലീല്‍ ഹഖാനിയുടെ തലയ്ക്ക് 5 മില്യണ്‍ യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.
Post Your Comments