കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തിനു പിന്നാലെ പുതിയ സർക്കാരിന് എല്ലാ വിവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇരുവരും രഹസ്യമായി താലിബാനെ സഹായിച്ച് പോന്നിരുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് പരസ്യ പിന്തുണ നൽകുന്നതും. താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ ചൈന ലക്ഷ്യം വെയ്ക്കുന്നത് അഫ്‌ഗാനിലെ വസ്ത്ര വിപണി ആണ്. വിപണി സ്വന്തം അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്.
അഫ്ഗാനിലെ ഫാഷൻ മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഫാഷനോട് നോ പറയുകയാണ് താലിബാൻ. സൽവാർ കമീസാണ് പുരുഷൻമാർക്ക് താലിബാൻ കൽപിച്ചു നൽകിയ ഡ്രസ് കോഡ്. സ്ത്രീകൾ ബുർഖയും ഹിജാബും നിർബന്ധമായും ധരിച്ചിരിക്കണം. അഫ്‌ഗാനിൽ താമസിക്കുന്ന വിദേശികളും ഇത് പാലിച്ചിരിക്കണമെന്നാണ് താലിബാൻ കൽപ്പന.
താലിബാന്റെ അധിനിവേശം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കാനാണ് ചൈന പദ്ധതി ഇടുന്നത്. അഫ്‌ഗാനിലെ വസ്ത്രവ്യാപാര മേഖലയിൽ 2006 മുതൽ തന്നെ ചൈന തങ്ങളുടെ സ്വാധീനം അറിയിച്ച് തുടങ്ങിയിരുന്നു. അഫ്ഗാനിലെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ ബുർഖയായിരുന്നു ചൈന അന്ന് വിപണിയിൽ എത്തിച്ചത്. കോട്ടൺ തുണിയിൽ നെയ്തെടുത്ത ബുർഖകൾ മാത്രം കണ്ടിരുന്ന അഫ്‌ഗാനികൾക്ക് ചൈനയുടെ നൈലോൺ ബുർഖകളോട് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. വില കുറവായിരുന്നിട്ട് കൂടി ആരും വാങ്ങാതിരുന്നത് അന്ന് വല്ലപ്പോഴും മാത്രം ധരിക്കുന്ന വസ്ത്രമായിരുന്നു ബുർഖ എന്നത് കൊണ്ടായിരുന്നു.
എന്നാൽ 15 വർഷങ്ങൾക്കിപ്പുറം അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വരുമ്പോൾ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ബുർഖയും ഹിജാബും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ നിർബന്ധമാക്കിയതോടെ തങ്ങളുടെ വസ്ത്ര വിപണി ലാഭം കൊയ്യുമെന്ന കണക്കുകൂട്ടലിലാണ് ചൈന. ഇനിമുതൽ ചൈനീസ് ബുർഖകൾക്ക് ആവശ്യക്കാർ കൂടുമെന്നും ദിനംപ്രതി ഉപയോഗിക്കേണ്ട വസ്ത്രമായതിനാൽ വിലക്കുറവ് ഉള്ള നൈലോൺ ബുർഖകൾ വാങ്ങാൻ മാർക്കറ്റിൽ തിരക്കായിരിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. താലിബാന് ചൈന രഹസ്യമായി പണം നൽകുന്നുണ്ടെന്ന വാദം ശക്തമായിരിക്കെ അഫ്ഗാൻ വിപണിയിലെ ഈ ചൈനീസ് അധിനിവേശം തടയാൻ താലിബാൻ മുതിർന്നേക്കില്ല.
Post Your Comments