Latest NewsKeralaIndia

മൈസൂരു കൂട്ടബലാത്സംഗ കേസ്: മലയാളി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുന്നെന്ന് സൂചന

പ്രതികളെക്കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐ.ജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മലയാളി വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

അതില്‍ നിന്ന് നാല് നമ്പരുകള്‍ പിറ്റേദിവസം മുതല്‍ ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി. മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. സംഭവത്തിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ കാണാതായതും സംശയത്തിന് ആക്കംകൂട്ടി. ഇവർ തലേന്നത്തെ പരീക്ഷ പോലും എഴുതാതെയായിരുന്നു സ്ഥലം വിട്ടത്. ബൈക്കില്‍ സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

read also: മൈസൂർ കൂട്ട ബലാത്സംഗം: മലയാളി വിദ്യാർഥികൾ പരീക്ഷ പോലുമെഴുതാതെ ഒളിവിൽ, കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം

ബൈക്ക് തടഞ്ഞ് നിറുത്തിയ പ്രതികള്‍ സുഹൃത്തിനെ അടിച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. അക്രമികള്‍ ആണ്‍സുഹൃത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും ചെയ്തു.

പെണ്‍കുട്ടി ഇതിന് തയ്യാറാവാതെ വന്നപ്പോള്‍ വീണ്ടും ആക്രമിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മലയടിവാരത്തില്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയില്‍ പറയുന്നത്. അതേസമയം പ്രതികളെക്കുറിച്ച്‌ സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐ.ജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന വിവരം പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button