Latest NewsKerala

വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് സംഭാവന നല്‍കിയവർക്ക് തിരിച്ചടി, കോവിഡ് വാക്‌സിനേഷനും കോവിഡാനന്തര ചികിത്സയും ഇനി സൗജന്യമല്ല

സര്‍ക്കാര്‍ 630 രൂപയ്ക്കു വാക്‌സീന്‍ നല്‍കുമ്പോള്‍ അതേ തുക ആശുപത്രികള്‍ തിരികെ നല്‍കണം.

തിരുവനന്തപുരം: സംസ്ഥാനം കോവിഡിന്റെ പിടിയിലമരുമ്പോള്‍ കോവിഡ് പ്രതിരോധത്തിനായുള്ള വാഗ്ദാനങ്ങളില്‍ നിന്നും പിന്മാറി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് വാക്‌സിനേഷനും കോവിഡാനന്തര ചികിത്സയും സൗജന്യമായിരിക്കുമെന്ന മുന്‍ പ്രഖ്യാപനങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയിലേക്കു കേരളം എത്തിയിട്ടും തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.

സംസ്ഥാനങ്ങള്‍ ഒരു ഡോസ് വാക്‌സീന്‍ 400 രൂപ നല്‍കി വാങ്ങണമെന്നു കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം എതിര്‍പ്പ് ഉന്നയിച്ച മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനും ഉണ്ടായിരുന്നു. കേരളത്തില്‍ സൗജന്യ വാക്‌സിനേഷനു വേണ്ടി 1300 കോടി രൂപ കണ്ടെത്തുന്നതിന്റെ ഭാഗമായി വാക്‌സീന്‍ ചാലഞ്ചും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥാപനങ്ങളും വ്യക്തികളും കോടികളാണു സംഭാവന ചെയ്തത്.

ദുരിതാശ്വാസ നിധിയില്‍ ഈ തുക പ്രത്യേക അക്കൗണ്ടില്‍ ശേഖരിക്കുമെന്ന് അന്നു വാക്കു നല്‍കിയെങ്കിലും പാലിച്ചിട്ടില്ല. നിശ്ചിത ഡോസില്‍ കുറവു വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കില്ലെന്നു കമ്പനികള്‍ തീരുമാനിച്ചതോടെ സംസ്ഥാനം ഇടപെട്ടു. ഇവര്‍ക്ക് 20 ലക്ഷം ഡോസ് വാക്‌സീന്‍ നല്‍കാന്‍ 126 കോടി രൂപ വാക്‌സീന്‍ ചാലഞ്ചില്‍ നിന്നു ചെലവഴിക്കാന്‍ തീരുമാനമായി. സര്‍ക്കാര്‍ 630 രൂപയ്ക്കു വാക്‌സീന്‍ നല്‍കുമ്പോള്‍ അതേ തുക ആശുപത്രികള്‍ തിരികെ നല്‍കണം.

ആശുപത്രികള്‍ 150 രൂപ സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കിയാണു വാക്‌സീന്‍ നല്‍കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും സൗജന്യമായി വാക്‌സീന്‍ നല്‍കുന്നുണ്ട്. കര്‍ണാടകയും ഈ രീതിയിലേക്കു മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് മാത്രം നല്‍കിയാല്‍ മതി. അതേസമയം തെലങ്കാനയിൽ തികച്ചും സൗജന്യമായി ഓരോ സ്ഥലങ്ങളിലെത്തി ക്യാമ്പ് ചെയ്തു വീടുകളിൽ സർവ്വേ നടത്തിയാണ് വാക്സിൻ നൽകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button