കോഴിക്കോട്: മതസ്പർദ്ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പരാതി സമര്‍പ്പിച്ചു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് ആരോപിച്ച് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെയാണ് പരാതി.
ഹിന്ദു- മുസ്ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുള്ളകുട്ടിയുടേതെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പര്‍ധയും പടര്‍ത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത പടര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും ആരോപിച്ച അബ്ദുള്ള കുട്ടി ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ താലിബാനിസം നടപ്പാക്കുകയാണെന്നും ഐ എസ് ബന്ധമാരോപിച്ചു കണ്ണൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണെന്നും ആരോപിച്ചിരുന്നു.
അബ്ദുള്ളക്കുട്ടി പറഞ്ഞത്:
‘വാരിയന്‍ കുന്നന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത് ഇ എം എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇഎംഎസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇഎംഎസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസിലാക്കണം’.
Post Your Comments