കാബൂൾ: അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകളോട് ജോലിക്ക് പോകേണ്ടെന്നും വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടും താലിബാൻ. ഇത് താല്‍ക്കാലികമാണെന്നും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ക്കുമായാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും താലിബാന് പ്രതിനിധി പറഞ്ഞു. സ്ത്രീ സുരക്ഷയാണ് തങ്ങളുടെ മുഖ്യഘടകമെന്നും ആയതിനാൽ അവരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഈ നിർദേശമെന്നും താലിബാൻ പ്രതിനിധി വ്യക്തമാക്കി.
1996-2001 ഭരണ കാലത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയ താലിബാന് വീണ്ടും ഇതാവര്‍ത്തിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. താലിബാൻ തങ്ങളുടെ മുൻകാലത്തെപ്പോലെ രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഇത് സംഭവിക്കുന്നത്. ഇത്തവണ സ്ത്രീകളെ ജോലിയിൽ നിന്ന് തടയുകയോ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പ് പാലിക്കപ്പെടില്ലെന്ന് അഫ്ഗാനിലെ സ്ത്രീസമൂഹം തിരിച്ചറിയുകയാണ്.
ശരിയത്ത് നിയമപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിക്കുമെന്നും താലിബാന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താലിബാന് ഭരണത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് കടുത്ത ആശങ്കയുണ്ട്. 20 വര്‍ഷം മുമ്പത്തെ താലിബാന് ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന് സ്ത്രീകള്‍ ഭയക്കുന്നത്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദം നൽകുമെന്നും ഇപ്പോഴത്തെ നിയന്ത്രണം താൽക്കാലികമാണെന്നുമാണ് താലിബാൻ വാദിക്കുന്നത്.
എന്നാൽ വീടുവീടാന്തരമുള്ള തിരച്ചിലുകൾ, സ്ത്രീകളെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ, മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കുമെതിരായ പ്രതികാരങ്ങൾ എന്നിവ ജനങ്ങളെ ജാഗ്രതയുള്ളവരാക്കി.
Post Your Comments