കോഴിക്കോട്: കേരളത്തില്‍ താലിബാനെ അനുകൂലിക്കുന്നവര്‍ ധാരാളമുണ്ടെന്നതിന് തെളിവായി മുസ്ലിംലീഗ് നേതാവും എംഎല്‍എയുമായ എം.കെ.മുനീറിന് വധഭീഷണി. താലിബാനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് എം.കെ മുനീറിന് നേരെ വധഭീഷണി ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്. ടൈപ്പ് ചെയ്ത നിലയില്‍ തപാലിലാണ് കത്ത് ലഭിച്ചത്. മുസ്ലിം വിരോധിയും ആര്‍എസ്എസ് സ്നേഹിയുമാണ് മുനീറെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
Read Also : താലിബാന്റെ മയക്കുമരുന്ന് വിപണികളില്‍ കേരളം , ലക്ഷ്യം വേറെ : മുന്നറിയിപ്പുമായി ഐബി-എന്‍സിബി
‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലിം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്പിക്കും. കുറെ കാലമായി മുസ്ലിം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുത്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്’ – കത്തില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്നും പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പ്രതികരണം വരുന്നതിന് മുന്നെ തന്നെ താലിബാന് എതിരായ ഫേസ്ബുക്ക് പോസ്റ്റിട്ടത് എം.കെ മുനീറായിരുന്നു. പൊലീസ് മേധാവിക്ക് കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്ന് എം.കെ മുനീര്‍ പറഞ്ഞു. താലിബാനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments