കാസര്‍കോട്: ട്രെയിൻ യാത്രക്കാരായ ദമ്പതികളിൽ യുവാവിനെ ട്രെയിന്‍ തട്ടിയ നിലയില്‍ ഗുരുതര പരിക്കുകളോടെ പാളത്തില്‍ നിന്ന് കണ്ടെത്തി. തമിഴ് നാട് ഈറോഡ് സ്വദേശി ശങ്കറിന് (38) ആണ് പരിക്കേറ്റത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം നടന്നത്. തമിഴ് നാട് സ്വദേശികളായ ദമ്പതികള്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്നത് പൊലീസ് കണ്ടിരുന്നു.
പിന്നീട് ഇവര്‍ കാസര്‍കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയതായും പറയുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് നിങ്ങള്‍ പോയില്ലേ എന്ന് റെയില്‍വേ പൊലീസ് ചോദിച്ചപ്പോള്‍ ‘ഞാന്‍ പോകുന്നില്ല’ എന്നായിരുന്നു യുവതി മറുപടി പറഞ്ഞത്. പൊലീസ് സ്ത്രീയെ പറഞ്ഞുവിടുകയും ചെയ്‌തു. പക്ഷെ പിന്നീട് അതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോകോ പൈലറ്റ് ട്രാക്കില്‍ ഒരാള്‍ വീണ് കിടക്കുന്നതായി വിവരം സ്റ്റേഷനിൽ നല്‍കി.
അതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര പരിക്കുകളോടെ യുവാവിനെ കണ്ടെത്തിയത്. കാല് അറ്റ നിലയിലായിരുന്നു. തുടര്‍ന്ന് യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. യുവാവ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.
Post Your Comments