കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ സംഘര്‍ഷത്തിന് കാരണം അമേരിക്കയുടെ തിരക്കിട്ട ഒഴിപ്പിക്കല്‍ നടപടിയാണെന്ന് താലിബാന് നേതാവ് അബ്ദുല്‍ ഖഹാര്‍ ബല്‍ഖി. അഫ്ഗാനിസ്താന് കീഴടക്കിയ ശേഷം ഇതാദ്യമായി അല്‍ ജസീറ ടി.വിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് താലിബാന് നേതാവ് അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
‘ആയിരത്തിലധികം പേരെ തിരക്കിട്ട് ഒഴിപ്പിക്കാന്‍ യു.എസ് സേന നടത്തിയ ശ്രമങ്ങളാണ് സംഘര്‍ഷത്തിനും നിരവധി പേരുടെ മരണത്തിനും ഇടയാക്കിയത്. പുറത്തെ ചെക്ക്പോസ്റ്റുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും അകത്തുള്ളത് ഇപ്പോഴും യു.എസ് സേനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്’- ബല്‍ഖി പറഞ്ഞു.
Read Also: പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്
‘അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാറിന് രൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കും അത്. തല്പരകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് താലിബാന്റെ തീരുമാനം. ജനങ്ങളുടെയും രാജ്യത്തിന്റെയും പൊതുതാല്പര്യം മുന്‍നിര്‍ത്തി ആഭ്യന്തരവും അന്തര്‍ദേശീയവുമായ സഹകരണം ഉണ്ടാകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന കാബൂളിനെ കൈവിട്ട് രാജ്യതലസ്ഥാനം കാന്തഹാറിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, സംഭവവികാസങ്ങള്‍ വളരെ വേഗത്തിലായിരുന്നുവെന്നും എല്ലാ ആളുകളും ആശ്ചര്യപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു മറുപടി.
‘അഫ്ഗാന് ജനത താലിബാനെ വിശ്വാസത്തിലെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും ആളുകള്‍ തിരക്കിട്ട് വിമാനത്താവളത്തിലേക്ക് രക്ഷപ്പെടാനായി പോകുന്നത് അത്ഭുതപ്പെടുത്തുന്നു. അഫ്ഗാന് ജനത താലിബാനെ ഭീകര സംഘടനയായി കാണുന്നുവെന്ന് വിശ്വസിക്കുന്നില്ല. നേരത്തേ ആസൂത്രണം ചെയ്തല്ല കാബൂളില്‍ പ്രവേശിച്ചത്. യഥാര്‍ഥത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. യു.എസ് അധിനിവേശ സേന അവരുടെ ഇടങ്ങള്‍ വിട്ട് തിടുക്കത്തില്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇസ്ലാമിക നിയമം എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അതില്‍ സ്ത്രീകളുടേയോ പുരുഷന്മാരുടെയോ കുട്ടികളുടേയാ അവകാശങ്ങള്‍ ഹനിക്കുന്ന ഒന്നുമില്ല. എന്നാല്‍, ഓരോ വിഭാഗത്തിന്റെയും അവകാശങ്ങള്‍ എന്തൊക്കെയെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments