കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ യുഎസ്, നാറ്റോ സൈനികര്‍ക്ക് ഒപ്പം നിന്നവരെ തിരഞ്ഞുപിടിച്ച് വീടു വീടാന്തരം കയറി ആക്രമണം അഴിച്ചുവിടുന്ന താലിബാന് താക്കീത് നല്‍കി ഐഷ്യരാഷ്ട്ര സഭ. താലിബാന്റെ അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകരാജ്യങ്ങൾ ഇടപെടുമെന്ന സൂചനയാണ് യുഎൻ നൽകിയത്. തങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ മുന്‍ഗണനാ ലിസ്റ്റുകള്‍ താലിബാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍പെട്ടവര്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ അസദാബാദിലും മറ്റും വന്‍ ആക്രമണമാണ് നടക്കുന്നത്. ബുധനാഴ്ച സ്വാതന്ത്ര്യ ദിനത്തില്‍ അഫ്ഗാന്റെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കു പോകുന്നവരെ ശക്തമായ പരിശോധനയ്ക്കു വിധേയരാക്കി മാത്രമാണ് കടത്തിവിടുന്നതെന്നും നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴടങ്ങാന്‍ തയാറാകാത്തവരുടെ കുടുംബാംഗങ്ങളെ ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവരെ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ച കാബൂള്‍ പിടിച്ച ശേഷം താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും ആരെയും ആക്രമിക്കില്ലെന്ന് പറയുകയും ചെയ്‌തെങ്കിലും ആയിരങ്ങള്‍ രാജ്യം വിടാനുള്ള നെട്ടോട്ടത്തിലാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനം ഏറ്റെടുത്തതിന് ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 18,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി നാറ്റോ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Post Your Comments