കാബൂള്‍: അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മുഖം മിനുക്കിയെത്തിയ രണ്ടാം താലിബാന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. ആട്ടിന്‍ തോല് അഴിഞ്ഞുവീണ ചെന്നായ്ക്കളുടെ ക്രൂരതകളുടെ ചിത്രങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. താലിബാന് സൈന്യത്തെ ചെറുത്തു നില്ക്കുന്നതില് നേതൃത്വം നല്കിയ അഫ്ഗാന് പൊലീസിലെ ഒരു മേഖലാധികാരിയെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കണ്ണുകള്‍ കെട്ടി നിരത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുവന്ന് അവസാനം മുട്ടില്‍ നിര്‍ത്തി വെടിവെച്ചുകൊല്ലുകയായിരുന്നു ബാദ്ഗിസ് പ്രവിശ്യയിലെ പൊലീസ് തലവനായിരുന്ന ജനറല്‍ ഹാജി മുല്ലാ ആചാകസിയെ. തുര്‍ക്ക്മെനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രവിശ്യ, താലിബാന്റെ അധീനതയിലായ ഉടനെ പൊലീസ് മേധാവിയെ താലിബാന് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബി ബി സിയുടെ മുന്‍ പേര്‍ഷ്യന്‍ ജേര്‍ണലിസ്റ്റായിരുന്ന നസ്രിന് നാവയാണ് മുല്ലയെ കൊന്നുതള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
താലിബാന്റെ, ഏറെ ആഘോഷിക്കപ്പെടുന്ന മാനവികത എന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ ഭരണം ഏറ്റെടുത്തതിനു ശേഷം മുന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരോട് ശത്രുത പുലര്‍ത്തുകയില്ലെന്ന് താലിബാന് പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാല്‍, ഒരു ജനറലില്‍ ഒതുങ്ങുന്നില്ല താലിബാന്റെ മനുഷ്യവേട്ട എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നേരത്തെ ബ്രിട്ടന്, അമേരിക്ക, നാറ്റോ അംഗരാജ്യങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന് പൗരന്മാര്ക്കുവേണ്ടിയുള്ള വേട്ടയും താലിബാന് ആരംഭിച്ചു.
ഇത്തരത്തില്‍ ലക്ഷ്യംവയ്ക്കുന്നവരേയും അവരുടെ ബന്ധുക്കളേയും തടവില്‍ ആക്കുവാനും ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. താലിബാന് മുന്നില്‍ സ്വയം കീഴടങ്ങാത്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് താലിബാന് അറിയിച്ചിട്ടുമുണ്ടത്രെ. ഭീകരരില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും, വിവിധ വിദേശ എംബസികളിലെ മുന്‍ ജീവനക്കാരുടെയുമൊക്കെ വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ മറ്റൊരു വിഭാഗം ഭീകരര്‍ വിമാനത്താവളത്തിനു പുറത്ത് ആളുകളെ തടയുകയാണ്.
Post Your Comments