കടയ്ക്കല്‍: ചടയമംഗലത്ത് ഗൗരിനന്ദ വിവാദത്തിന് കാരണക്കാരനായയാള്‍ മോഷണക്കേസില്‍ പിടിയില്‍. ഇളമ്പഴന്നൂര്‍ ആനപ്പാറ സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. ജൂലൈയില്‍ എ.ടി.എമ്മിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പൊലീസ് ഇയാള്‍ക്ക് പിഴ നല്‍കി. ഇതിനോട് പ്രതികരിച്ച ഗൗരിനന്ദ എന്ന പെണ്‍കുട്ടിക്കും പൊലീസ് പിഴനല്‍കിയത് ഏറെവിവാദം സൃഷ്ടിച്ചിരുന്നു.
ഗൗരിനന്ദയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും അനുകൂലിച്ച് ഇയാള്‍ രംഗത്തുവന്നതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷിഹാബുദ്ദീന്റെ ജ്യേഷ്ഠന് അബ്ദുല്‍ സലാമിന്റെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം മൂന്ന് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും മോഷണം പോയി. ഷിഹാബുദ്ദീനെ സംശയമുണ്ടെന്ന് കാണിച്ച് അബ്ദുല്‍ സലാം കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
മുമ്പ് സമാനമായ കേസില്‍ ജയില്‍വാസം അനുഭവിച്ചയാളാണ് അറസ്റ്റിലായ ഷിഹാബുദ്ദീന്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷിഹാബുദ്ദീന്റെ വീട്ടില്‍നിന്ന് ഒരുചാക്ക് നെല്ല് കണ്ടെത്തുകയും കുരുമുളക് നിലമേല്‍ മുരുക്കുമണ്ണിലെ കടയില്‍ 14,000 ത്തോളം രൂപക്ക് വിറ്റതായി കണ്ടെത്തുകയും ചെയ്തു. കടയില്‍നിന്ന് കുരുമുളക് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments